Banner Ads

ആഗോള അയ്യപ്പ സംഗമം പാളി; ദേവസ്വം ബോർഡിന് 3.4 കോടിയുടെ വൻ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ട്.

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ 3.4 കോടി രൂപയുടെ വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ട്. ഫണ്ട് വിനിയോഗത്തിൽ ബോർഡിന് ഗുരുതര വീഴ്ച പറ്റിയെന്നും, സർക്കാരിന്റെയോ ബോർഡിന്റെയോ പണം ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.

അയ്യപ്പ സംഗമത്തിനായി സർക്കാരിൽ നിന്നോ ദേവസ്വം ബോർഡിൽ നിന്നോ പണം കൈപ്പറ്റരുതെന്ന് ഹൈക്കോടതി നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു. സ്പോൺസർഷിപ്പിലൂടെ മാത്രമേ പണം കണ്ടെത്താവൂ എന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇത് ലംഘിച്ച് ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ (Surplus Fund) നിന്നാണ് 3.4 കോടി രൂപ ചിലവാക്കിയത്.സംഗമത്തിന് ഏകദേശം 8 കോടി രൂപ ചിലവ് വരുമെന്ന് ദേവസ്വം മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ സ്പോൺസർഷിപ്പിലൂടെ എത്ര തുക ലഭിച്ചു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി (SIT) ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്.യാത്രാ പാക്കേജുകൾ ഗൾഫ് യാത്രാ പാക്കേജുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലും സാമ്പത്തിക ക്രമക്കേടുകൾ നടന്നോ എന്ന് പരിശോധിക്കപ്പെടുന്നുണ്ട്.കോടതി വിധി മറികടന്ന് ഭക്തരുടെ പണം വകമാറ്റി ചിലവഴിച്ചുവെന്ന കണ്ടെത്തൽ ദേവസ്വം ബോർഡിനെ വലിയ പ്രതിസന്ധിയിലാക്കും.