
തിരുവനന്തപുരം: തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ഭക്തരിൽ നിന്ന് പാർക്കിങ്ങിന്റെ പേരിൽ അനധികൃതമായി പണം പിരിച്ച രണ്ട് പേരെ തമ്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.എം.വി ഗവൺമെന്റ് സ്കൂൾ പി.ടി.എ പ്രസിഡന്റ് കർണൻ ഉൾപ്പെടെയുള്ളവരാണ് പോലീസ് പിടിയിലായത്.സ്കൂൾ മൈതാനത്ത് കാർ പാർക്ക് ചെയ്യുന്നതിനായി ഒരു വാഹനത്തിന് 400 രൂപ വീതമാണ് ഇവർ ഈടാക്കിയിരുന്നത്.
ഭക്തരിൽ നിന്ന് അമിത തുക ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്ന് തമ്പാനൂർ പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരത്തിലെ പല സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പാർക്കിങ്ങിന്റെയും മറ്റും പേരിൽ ഇത്തരത്തിൽ അനധികൃത പിരിവ് നടത്തുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ഭക്തരെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.