
ആലപ്പുഴ: മാട്രിമോണിയൽ പരസ്യം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഫ്രീലാൻസ് വെബ് ഡിസൈനർ അറസ്റ്റിൽ. ചെന്നിത്തല തൃപ്പെരുന്തുറ ഏഴംവാക്കൽ സ്വദേശി രാഹുൽ (31) ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്.അരൂർ സ്വദേശിനിയായ യുവതിയുമായി മാട്രിമോണിയൽ സൈറ്റ് വഴിയാണ് പ്രതി പരിചയപ്പെടുന്നത്.
തുടർന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി സൗഹൃദത്തിലാവുകയും പലതവണ ആലപ്പുഴയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയുമായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയിലുണ്ട്.യുവതിയെ വിവാഹം കഴിക്കാതെ പ്രതി ഒഴിഞ്ഞുമാറുകയും മറ്റൊരു വിവാഹത്തിന് ശ്രമിക്കുകയും ചെയ്തതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ രാഹുലിനെ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ വീട്ടിലെത്തിയ സമയത്ത് പോലീസ് പിടികൂടുകയായിരുന്നു.
സൗത്ത് ഐഎസ്എച്ച്ഒ വി.എസ്. വിനീഷിന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ എസ്ഐ നെവിൻ ജോർജ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐ മോഹൻ കുമാർ, എസ്സിപിഒ ശ്യാം ആർ, ഡാൻസാഫ് ടീമിലെ സിദ്ദിഖുൾ റഹ്മാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.