Banner Ads

മിണ്ടാപ്രാണികൾക്ക് തുണയായി ഫയർഫോഴ്സ്; വിഴിഞ്ഞത്ത് ഗേറ്റിൽ കുടുങ്ങിയ നായക്കുട്ടികളെ രക്ഷിച്ചു.

തിരുവനന്തപുരം: ഇരുമ്പ് ഗേറ്റിനിടയിൽ തല കുടുങ്ങി അവശരായ രണ്ട് തെരുവുനായ കുഞ്ഞുങ്ങൾക്ക് രക്ഷകരായി വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സംഘം. കാക്കാമുല കായൽക്കരയിലുള്ള ഒരു വീടിന്റെ ഗേറ്റിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ നായക്കുട്ടികൾ കുടുങ്ങിയത്.

വീട്ടിൽ ആളില്ലാതിരുന്നതിനാൽ രാത്രി മുഴുവൻ പുറത്തുകടക്കാനാവാതെ കരഞ്ഞു തളർന്ന നിലയിലായിരുന്നു ഇവ.ഇന്ന് രാവിലെ പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാർ നായക്കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് വാർഡ് മെമ്പർ ഇടപെടുകയും ഫയർഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു.

വിഴിഞ്ഞം ഫയർ സ്റ്റേഷനിലെ സീനിയർ ഓഫീസർ ശിവന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി റെസ്ക്യൂ ടൂളുകൾ ഉപയോഗിച്ച് ഗേറ്റിലെ ഇരുമ്പ് കമ്പികൾക്കിടയിലെ അകലം വർദ്ധിപ്പിച്ചു. കട്ടർ ഉപയോഗിച്ച് കമ്പി മുറിക്കാതെ തന്നെ നായക്കുട്ടികളെ പരിക്കേൽക്കാതെ സുരക്ഷിതമായി പുറത്തെടുക്കാൻ സേനയ്ക്ക് സാധിച്ചു. അഗ്നിരക്ഷാസേനയുടെ ഈ മാതൃകാപരമായ ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു.