Banner Ads

ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷഭീതി; ദുബായിൽ കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം.

ദുബൈ: കുവൈത്തിന്റെ പ്രമുഖ എണ്ണക്കപ്പലുകളിൽ ഒന്നായ ‘അൽ സാൽമി’ക്ക് നേരെ ദുബായ് തുറമുഖത്ത് ഇറാന്റെ ഡ്രോൺ ആക്രമണം. പ്രാദേശിക സമയം പുലർച്ചെ 12.10-ഓടെയാണ് സംഭവം. കപ്പൽ നങ്കൂരമിട്ടിരിക്കെയായിരുന്നു ആക്രമണമെന്ന് കുവൈത്ത് പെട്രോളിയം കോർപറേഷൻ സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടാവുകയും കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

അപകടസമയത്ത് കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കപ്പലിൽ പൂർണ്ണമായും അസംസ്‌കൃത എണ്ണ നിറച്ചിരുന്നതിനാൽ മേഖലയിൽ എണ്ണച്ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നിലവിൽ തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ എണ്ണക്കപ്പലുകളെ ലക്ഷ്യം വെച്ച് ഇറാൻ നടത്തുന്ന ആക്രമണപരമ്പരയിലെ ഒടുവിലത്തെ സംഭവമാണിത്.