Banner Ads

അതിസുരക്ഷാ മേഖലയിൽ സ്ഫോടനം; രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രത

ദില്ലി : ദില്ലിയിൽ വൻ സ്ഫോടനം. ദില്ലിയിലെ ചരിത്രപ്രാധാന്യമുള്ള ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ടു കാറുകൾ പൊട്ടിത്തെറിച്ചതടക്കം മൊത്തം എട്ട് കാറുകളും ഓട്ടോറിക്ഷ, മോട്ടോർ സൈക്കിൾ ഉൾപ്പെടെയുള്ള നാല് വാഹനങ്ങൾക്കും തീപിടിച്ചു.

അഞ്ച് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവസ്ഥലത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം നടന്നത്. ദില്ലി പോലീസിന്റെ സ്പെഷ്യൽ സെല്ലും എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു.

സംഭവത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലി പോലീസ് കമ്മീഷണറുമായി സംസാരിച്ചു.