Banner Ads

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: തൃപ്പനച്ചിയിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രമാണിച്ച് എക്‌സൈസ് വകുപ്പ് നടത്തുന്ന സ്‌പെഷ്യൽ ഡ്രൈവിനിടെ കഞ്ചാവുമായി പൂക്കൊളത്തൂർ സ്വദേശി പിടിയിലായി. നിരവധി ലഹരിക്കേസുകളിൽ പ്രതിയായ വളയക്കോട്ടിൽ വീട്ടിൽ ഷംസുദ്ദീനെ (50) ആണ് മഞ്ചേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം തൃപ്പനച്ചിയിൽ വെച്ച് പിടികൂടിയത്.പ്രതിയിൽ നിന്ന് 1.170 കിലോഗ്രാം കഞ്ചാവും ഇത് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

ഫോണിലൂടെ കഞ്ചാവ് ആവശ്യപ്പെടുന്നവർക്ക് സ്കൂട്ടറിൽ എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതി. മുൻപും എക്‌സൈസിലും പൊലീസിലുമായി നിരവധി നാർക്കോട്ടിക് കേസുകളിൽ ഇയാൾ പ്രതിയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.തിരഞ്ഞെടുപ്പ് കാലത്തെ ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് ഇൻസ്‌പെക്ടർ പി. ഹരീഷ് അറിയിച്ചു.അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എം. ജയപ്രകാശ്, പ്രിവന്റിവ് ഓഫീസർമാരായ പി. സഫീർ അലി, അമീൻ അൽത്താഫ്, ടി. സുനീർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ അബ്ദുറഹ്‌മാൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.