ദുബൈ : ദുബൈ നഗരത്തിന്റെ 40 ശതമാവും ഉൾക്കൊള്ളുന്ന 7,700 നിരീക്ഷണ ക്യാമറകളുടെ വിശാലമായ ശൃംഖല ഉള്‍പ്പെടുന്ന വിപുലമായ ഇൻഫ്രാസ്ട്രക്ചർ ദുബൈയിലുണ്ടെന്ന് അധികൃതർ. ആർ ടി എ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് വിഭാഗത്തിന്റെ ഏകീകൃത കണ്ട്രോള് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ എൻജിനീയർ ഹമദ് അല്‍ അഫീഫി ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായ നിരീക്ഷണം സാധ്യമാക്കി ഗതാഗതക്കുരുക്ക് കുറക്കാനും സ്ഥിരമല്ലാത്ത കാലാവസ്ഥയില്‍ മഴവെള്ളം കെട്ടികിടക്കുന്ന പ്രദേശങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാനും ബിഗ് ഡാറ്റയാണ് വിശകലനം ചെയ്യുന്നത്.
മാധ്യമ പ്രവർത്തകരോട് ദുബൈയില്‍ നടക്കുന്ന ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം എക്സിബിഷൻ ആൻഡ് കോണ്‍ഫറൻസില്‍ സംസാരിക്കുകയായിരുന്നു അല്‍ അഫീഫി. ബിഗ് ഡാറ്റ വിശകലനം ചെയ്യുന്നതിനാൽ വെള്ളക്കെട്ട് നിറയുന്ന 150 സൈറ്റുകള്‍ തിരിച്ചറിയാൻ സാധിച്ചു. അതിന്റെ ഫലമായി വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കി. ഗതാഗതക്കുരുക്കുകള്‍ നിരീക്ഷിക്കുന്നതിലും അതുമായി ബന്ധപ്പെട്ട അധികാരികളുമായി മേൽനോട്ടത്തിൽ അവ കൈകാര്യം ചെയ്യുന്നതിലും കേന്ദ്രം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
പമ്പുകൾ, വെള്ളം വലിച്ചെടുക്കുന്ന വാഹനങ്ങള്‍, ദ്രുതഗതിയിലുള്ള ഇടപെടല്‍ വാഹനങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെ 150ലധികം ഉപകരണങ്ങളാണ് കേന്ദ്രത്തിന്റെ കീഴിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബറിൽ ദുബായ് പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് എന്നിവർ പ്രധാന തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ച് യൂണിഫൈഡ് ഓപ്പറേഷൻ റൂം ആരംഭിച്ചു. നാഷണല്‍ സെന്റർ ഓഫ് മെറ്റീരിയോളജിയില്‍ നിന്നുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ പ്രതീക്ഷിക്കുന്ന കാലാവസ്ഥക്ക് 24 മണിക്കൂർ മുമ്പായി ഫീല്‍ഡ് ടീമുകളെ സജീവമാക്കും.