
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ അപ്രതീക്ഷിത സംഭവവികാസങ്ങൾ. പത്രസമ്മേളനം തുടങ്ങി വെറും മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി മുഖ്യമന്ത്രി എഴുന്നേറ്റ് പോയതാണ് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചത്. കൈരളി ടിവിയുടെ രണ്ട് ചോദ്യങ്ങൾക്കും ദേശാഭിമാനിയുടെ ഒരു ചോദ്യത്തിനും മറുപടി നൽകിയ ശേഷം “ഇന്നത്തെ സമയം കഴിഞ്ഞു, ഇനി നാളെയാകാം” എന്ന് പറഞ്ഞ് മുഖ്യമന്ത്രി പുറത്തേക്ക് നടക്കുകയായിരുന്നു.
തുടർച്ചയായി ഇടത് അനുകൂല മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി മുഖ്യമന്ത്രി മടങ്ങുന്നതിനെ പത്രലേഖകർ ഒന്നടങ്കം ചോദ്യം ചെയ്തു. ഇനിയും ചോദ്യങ്ങളുണ്ടെന്നും മറുപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. “ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കില്ലെങ്കിൽ എന്തിനാണ് ഞങ്ങളെ വാർത്താസമ്മേളനത്തിന് വിളിക്കുന്നത്?” എന്ന മാധ്യമപ്രവർത്തകരുടെ കൂട്ടായ പ്രതിഷേധം ഹാളിൽ മുഴങ്ങി.
പ്രതിഷേധം ശക്തമായതോടെ പുറത്തേക്ക് പോയ മുഖ്യമന്ത്രി വേദിയിലേക്ക് തിരികെയെത്തി വീണ്ടും കസേരയിലിരുന്നു.”ചോദ്യങ്ങൾ മനസ്സിലുണ്ടായാൽ പോരാ, അത് ചോദിക്കണം. ചോദിച്ചാൽ മറുപടി നൽകും. ചോദ്യം ചോദിച്ചത് ഏത് സ്ഥാപനമാണെന്നോ ആരാണെന്നോ താൻ നോക്കിയിട്ടില്ല. സമയം കഴിഞ്ഞു എന്ന് കരുതിയാണ് അവസാനിപ്പിച്ചത്.
” – മുഖ്യമന്ത്രി വ്യക്തമാക്കി. എസ്.ഡി.പി.ഐ – സി.പി.ഐ ഡീൽ ആരോപണം ഉൾപ്പെടെയുള്ള നിർണ്ണായക ചോദ്യങ്ങളാണ് മാധ്യമപ്രവർത്തകർ ഉന്നയിക്കാൻ ശ്രമിച്ചത്. ഇതിന് മറുപടി നൽകിയ ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചു.