Banner Ads

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരിച്ച് ഡിഎംകെ നേതാവ് ആർ.എസ് ഭാരതി

ചെന്നൈ : സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച നടൻ വിജയ്‌ക്കെതിരെ പരിഹാസവുമായി ഡിഎംകെ സംഘടനാ സെക്രട്ടറി ആർ,എസ് ഭാരതി. എല്ലാവർക്കും മുൻ തമിഴ് നാട് മുഖ്യമന്ത്രി എം.ജി രാമചന്ദ്രനെപ്പോലെയാകാൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. നാഗപട്ടണത്ത് ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആരും രാഷ്ട്രീയ പാർട്ടി തുടങ്ങുന്നതിൽ ഞങ്ങൾക്ക് ആശങ്കയില്ല. അവർ ഒന്നോ രണ്ടോ ചാന്ദ്ര ചക്രം അതിജീവിച്ചേക്കും, പക്ഷെ അതിലധികം ആവില്ല. സ്വന്തം പാർട്ടി രൂപീകരിക്കുന്ന എല്ലാവർക്കും എംജിആറിനെ പോലെയാകാനാവില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.

എം.ജി.ആർ ഡിഎംകെ വിട്ട് 1972 ലാണ് എഐഎഡിഎംകെ എന്ന സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. തുടർന്ന് തുടർച്ചയായി മൂന്ന് തവണ തമിഴ് നാട് മുഖ്യമന്ത്രിയാവുകയും ചെയ്തു. എംജിആർ പോലും സ്വന്തമായി ഒരു പാർട്ടി രൂപീകരിച്ചിട്ടില്ലെന്നും ഡിഎംകെ വിട്ട് സ്വന്തം പാർട്ടി തുടങ്ങിയെന്നും ആർ.എസ് ഭാരതി കൂട്ടിച്ചേർത്തു. എം.ജി.ആർ  ഡിഎംകെയെ വിഭജിച്ച് നേതാക്കളെ കൂടെ കൂട്ടി. ഇത് കണ്ട് കൊണ്ട് പലരും സ്വന്തം പാർട്ടികൾ ആരംഭിച്ചേക്കാം, അടുത്ത ദിവസം തന്നെ നിയമസഭയിൽ പ്രവേശിക്കാമെന്നും സ്വപ്നം കാണുന്നുവെന്നും ആർ എസ് ഭാരതി പറഞ്ഞു.

നേതാക്കൾ നിയമസഭയിൽ നിന്ന് മടങ്ങിയ അതെ വേഗതയിൽ തന്നെ അവർ അതിൽ തിരിച്ചെത്തുകയും ചെയ്യുന്നുവെന്ന് ഡി എം കെ നേതാവ് പറഞ്ഞു. ഇത്തരത്തിലുള്ള പാർട്ടികൾ ഒഴിഞ്ഞ പാത്രങ്ങളാണെന്ന് യുവാക്കൾ മനസിലാക്കിയതാണ് അതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഈ പാർട്ടി 75 വർഷമായി പ്രവർത്തിക്കുന്നതാണെന്നും നിരവധി കൊടുംകാറ്റ് പോലെയുള്ള പ്രശ്നങ്ങളെ അതിജീവിച്ചതാണെന്നും  ആർ.എസ് ഭാരതി. ഫെബ്രുവരിയിൽ തന്റെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് നടൻ വിജയ് പ്രഖ്യാപിക്കുകയും അടുത്തിടെ പാർട്ടിയുടെ പതാകയും ദേശീയഗാനവും പുറത്തിറക്കിയത് വലിയ ജനശ്രദ്ധ നേടിയിരുന്നു.

ജനുവരിയിൽ ചെന്നൈയിൽ നടന്ന യോഗത്തിൽ തന്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിനെ തുടർന്നാണ് വിജയ് പാർട്ടി ആരംഭിച്ചത്. ജാതി രഹിതവും അഴിമതി രഹിതവുമായ ഭരണത്തിലൂടെ അടിസ്ഥാന രാഷ്ട്രീയ മാറ്റത്തിനുള്ള പ്രതിബദ്ധത നടൻ പ്രസ്താവിച്ചിരുന്നു. 2026 ലെ തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം പാർട്ടി മത്സരിക്കുമെന്നാണ് വിജയ് പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *