Banner Ads

അലൻ വാക്കർ നടത്തിയ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി : പ്രശസ്ത നോർവീജിയൻ സംഗീതജ്ഞൻ അലൻ വാക്കർ നടത്തിയ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയതിൽ നിർണായക വിവരങ്ങൾ പുറത്ത്. പോലീസിന് ലഭിച്ച വിവരം മൊബൈല്‍ ഫോണുകള്‍ എത്തിയത് ഡല്‍ഹിയിലെ ചോർ ബസാറിലാണെന്നാണ്. മോഷ്ടിച്ച മൂന്ന് ഐഫോണുകളില്‍നിന്നാണ് അന്വേഷണസംഘത്തിന് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.  ഫോണുകള്‍ വില്‍ക്കാൻ മോഷണസംഘം ശ്രമിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം ഉടൻ ഡല്‍ഹിയിലെത്തും. മോഷണത്തിന് പിന്നില്‍ പ്രവർത്തിച്ചത് ഡല്‍ഹിയിലെ സംഘമാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു.

കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് 21 ഐഫോണുകള്‍ അടക്കം 35 ഫോണുകള്‍ നഷ്ടമായതായി പരാതി ലഭിക്കുന്നത്. വാക്കർ വേള്‍ഡ് എന്ന പേരില്‍ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളില്‍ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിലും നടന്നത്.  5000ത്തിലേറെ പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷയും ഒരുക്കിയിരുന്നു.  പൂർണമായും സിസിടിവി നിരീക്ഷണത്തിലായിരുന്നു പരിപാടി നടന്ന സ്ഥലം.  എന്നാല്‍, സുരക്ഷാ സംവിധാനങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ചാണു വൻ മോഷണം നടത്തിയത്. പരുപാടി നടക്കുന്നതിനിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് ഫോണുകള്‍ അടിച്ചുമാറ്റിയതെന്നാണു പൊലീസ് സംശയിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *