Banner Ads

സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെട്ടു; ഗണേഷിനെതിരെ കേസെടുക്കണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ നാണംകെട്ടത് ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണെന്ന് സതീശൻ ആരോപിച്ചു. അതിജീവിതമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇനി മുഖ്യമന്ത്രി കപ്പും ഉയർത്തിപ്പിടിച്ച് നിൽക്കരുത്.

സ്ത്രീപക്ഷ സർക്കാരെന്ന അവകാശവാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ പ്രധാന പ്രചാരണ ചിത്രം ഇതായിരിക്കുമെന്നും സതീശൻ പറഞ്ഞു. ഉയർന്നിരിക്കുന്നത് അതീവ ഗുരുതരമായ ആരോപണങ്ങളാണ്. കേസെടുത്ത് അന്വേഷണം നടത്തണം. ഗണേഷ് കുമാറിന്റെ രാജി ചോദിച്ചു വാങ്ങണം.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സമാനമായ ആരോപണം ഉയർന്നപ്പോൾ ഗണേഷിന്റെ രാജി ആവശ്യപ്പെട്ടത് പിണറായി വിജയനാണ്. ഇപ്പോൾ നിലപാട് മാറ്റുന്നതിലൂടെ സിപിഎമ്മും മുഖ്യമന്ത്രിയും ജനങ്ങൾക്ക് മുൻപിൽ തുറന്നു കാട്ടപ്പെട്ടുവെന്നും സതീശൻ കൂട്ടിച്ചേർത്തു.