
അടൂർ: പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പോലീസ് ഓഫീസർ എ. താജുദ്ദീനെ (കോന്നി സ്വദേശി) ഏഴ് വർഷം കഠിനതടവിനും 20,000 രൂപ പിഴ ഒടുക്കാനും വിജിലൻസ് കോടതി ശിക്ഷിച്ചു. നിലവിൽ തൃശ്ശൂർ മലക്കപ്പാറ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഇയാൾ.2014-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പത്തനംതിട്ട ചെന്നീർക്കര സ്വദേശിയായ പരാതിക്കാരൻ പ്രതിയായ ഒരു കേസിൽ, അദ്ദേഹത്തിന് അനുകൂലമായ രീതിയിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് (Final Report) സമർപ്പിക്കുന്നതിനായി താജുദ്ദീൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 10,000 രൂപ പരാതിക്കാരനിൽ നിന്ന് വാങ്ങുന്നതിനിടെ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് താജുദ്ദീനെ റെഡ് ഹാൻഡ് ആയി പിടികൂടുകയായിരുന്നു.
കൊല്ലം വിജിലൻസ് കോടതി ജഡ്ജ് ഡോ. മോഹിത് സി.എസ് ആണ് വിധി പ്രസ്താവിച്ചത്. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഏഴ് വർഷം കഠിനതടവ് വിധിച്ചത്.പത്തനംതിട്ട വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്പി പി.ഡി. രാധാകൃഷ്ണ പിള്ളയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.