Banner Ads

കോൺഗ്രസും കമ്മ്യൂണിസ്റ്റും ബിജെപിയെ ഭയക്കുന്നു; കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് പ്രധാനമന്ത്രി

പാലക്കാട്: പതിറ്റാണ്ടുകളായി കേരളത്തെ മാറി മാറി കൊള്ളയടിക്കുന്ന യുഡിഎഫിനും എൽഡിഎഫിനും ബിജെപിയുടെ വളർച്ചയിൽ ഭയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ടമൈതാനത്ത് നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റുകാർ പറയുന്നു കോൺഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന് കോൺഗ്രസ് തിരിച്ചും ഇതേ ആരോപണം ഉന്നയിക്കുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് കേരളത്തിൽ ബിജെപി എ ടീമായി മാറിക്കഴിഞ്ഞു. രണ്ട് മുന്നണികളും ഒരുപോലെ ഭയക്കുന്നത് ബിജെപിയെയാണ്. കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അധികാരത്തിൽ വന്നാലുടൻ മുൻ സർക്കാരുകളുടെ അഴിമതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മോദി പറഞ്ഞു. കേരളത്തെ കൊള്ളയടിച്ചവർക്ക് ജനങ്ങൾ ഇത്തവണ മറുപടി നൽകുമെന്നും മോദി കൂട്ടിച്ചേർത്തു. മേഴ്സി കോളേജ് ഹെലിപാഡിൽ ഇറങ്ങിയ പ്രധാനമന്ത്രി അവിടെ നിന്നും കോട്ടമൈതാനത്തേക്ക് റോഡ് ഷോ നടത്തി.

മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്ബിഐ ജംഗ്ഷൻ വരെ നീണ്ട റോഡ് ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. പാലക്കാട്ടെ പൊതുസമ്മേളനത്തിന് ശേഷം വൈകുന്നേരം നാല് മണിയോടെ തൃശൂരിലെ പരിപാടികൾക്കായി ഹെലികോപ്റ്ററിൽ തിരിക്കും.