Banner Ads

മാലിന്യക്കൂമ്പാരമായി നഗരം: കമ്പനികളെ കണ്ടെത്താനായില്ല; കോർപറേഷനിൽ അജൈവ മാലിന്യ നീക്കം പ്രതിസന്ധിയിൽ.

തിരുവനന്തപുരം: നഗരസഭാ പരിധിയിലെ അജൈവ മാലിന്യ നീക്കം കമ്പനികളെ കണ്ടെത്താനാകാത്തതിനെത്തുടർന്ന് ഗുരുതരമായ പ്രതിസന്ധിയിലേക്ക്. നിലവിൽ മാലിന്യ നീക്കം നടത്തിയിരുന്ന ഏജൻസികളുടെ കരാർ കാലാവധി കഴിഞ്ഞിട്ടും പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകാത്തതാണ് നഗരത്തെ മാലിന്യക്കൂമ്പാരമാക്കിയത്.ഹരിത കർമ്മ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിൽ (MRF) കുന്നുകൂടുകയാണ്.

ഇവ നീക്കം ചെയ്യാൻ വൈകുന്നതോടെ മാലിന്യം റോഡരികുകളിലേക്ക് വ്യാപിക്കുന്നത് ജനങ്ങൾക്ക് വലിയ ദുരിതമായി മാറിയിരിക്കുന്നു.സർക്കാർ ഏജൻസിയായ ക്ലീൻ കേരള കമ്പനിയെ തഴഞ്ഞ് സ്വകാര്യ കമ്പനിക്ക് കൂടുതൽ വാർഡുകൾ നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. നേരത്തെ 62 വാർഡുകളിൽ മാലിന്യ നീക്കം നടത്തിയിരുന്ന ക്ലീൻ കേരളയിൽ നിന്ന് 12 വാർഡുകൾ കൂടി ഒഴിവാക്കി സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതാണ് വിവാദമായിരിക്കുന്നത്.സ്വകാര്യ ഏജൻസിയുടെ കരാർ കഴിഞ്ഞ ഡിസംബറിൽ അവസാനിച്ചെങ്കിലും പുതിയ സംവിധാനം ഏർപ്പെടുത്തുന്നതുവരെ മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടി നൽകിയിരിക്കുകയാണ്.

നേരത്തെ ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോൾ അവരുടെ ആവശ്യപ്രകാരമാണ് കൂടുതൽ വാർഡുകൾ ക്ലീൻ കേരള കമ്പനിക്ക് നൽകിയത്. എന്നാൽ ബിജെപി ഭരണത്തിലെത്തിയപ്പോൾ ഈ വാർഡുകൾ തിരികെ സ്വകാര്യ കമ്പനിക്ക് നൽകുന്നത് ദുരൂഹമാണെന്ന് ആക്ഷേപമുണ്ട്. ഇതോടെ നഗരത്തിലെ മാലിന്യ നീക്കത്തിൽ സ്വകാര്യ കുത്തക ഉറപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.സ്വകാര്യ കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് മാലിന്യങ്ങൾ കെട്ടിക്കിടക്കാൻ കാരണമെന്നും, ഇത് പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.