ന്യൂഡൽഹി : കാനഡ സൈബർ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കാനഡയുടെ പുതിയ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ്. ഇന്ത്യയെ രാജ്യാന്തരതലത്തിൽ അപകീർത്തിപ്പെടുൻ വേണ്ടിയുള്ള ശ്രമമാണിതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഒരു തെളിവുകളുമില്ലാത്ത വസ്തുതാരഹിതമായ ആരോപണങ്ങളാണ് കാനഡ ഉന്നയിക്കുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയെ സൈബർ എതിരാളികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കാനഡയുടെ പുതിയ റിപ്പോർട്ടിലാണ്. റിപ്പോർട്ടിലെ ആരോപണം ഇന്ത്യൻ സർക്കാർ സ്പോൺസർ ചെയ്യുന്നവർ, ചാരപ്രവർത്തനത്തിനായി കാനഡയുടെ ഔദ്യോഗിക നെറ്റ്വർക്കുകൾ ലക്ഷ്യമിടുകയാണെന്നാണ്.
കാനഡയുടെ സൈബർ സുരക്ഷാ റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള വളർന്നുവരുന്ന ആഗോള ശക്തികൾ കാനഡയുടെ ദേശീയ സുരക്ഷയ്ക്കും താൽപ്പര്യങ്ങൾക്കും ഭീഷണിയായേക്കാവുന്ന വിപുലമായ സൈബർ കഴിവുകൾ വികസിപ്പിക്കുന്നു എന്നാണ്. ഇന്ത്യയെ ആക്രമിക്കാനുള്ള കാനഡയുടെ പുതിയൊരു തന്ത്രമാണിത്. മറ്റു രാജ്യങ്ങളുടെ അഭിപ്രായം ഇന്ത്യയ്ക്കെതിരെ തിരിയ്ക്കാൻ കാനഡ ശ്രമം നടത്തിയിരുന്നതായി അവരുടെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
കാനഡയുടെ സമീപകാല സൈബർ സുരക്ഷാ റിപ്പോർട്ട് ഇന്ത്യയെ “സൈബർ എതിരാളി” എന്ന് മുദ്രകുത്തി വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇന്ത്യയെ അന്തർദേശീയമായി അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അടിസ്ഥാനരഹിതമായ ആരോപണമാണിതെന്ന് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചതോടെ, ഈ നീക്കം ഇന്ത്യയിൽ നിന്ന് ശക്തമായ എതിർപ്പിനെ നേരിട്ടു.
തെളിവുകളൊന്നുമില്ലാതെയാണ് സ്ഥിരമായി കാനഡ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ് സ്വാൾ പറഞ്ഞു. ഇതിന് മുൻപ് നിജ്ജർ വധത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ കാനഡയെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.