
കോട്ടയം: സർക്കാർ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മണിമല സ്വദേശിയുടെ മൃതദേഹത്തോടാണ് ആശുപത്രി അധികൃതർ അനാദരവ് കാട്ടിയത്. പ്രവർത്തനരഹിതമായ ഫ്രീസറിൽ മൃതദേഹം സൂക്ഷിച്ചതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത്.
മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കൾ എത്തിയപ്പോഴാണ് മോർച്ചറിയിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ പ്രതിഷേധിച്ചു. ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആശുപത്രി അധികൃതർ സമ്മതിച്ചിട്ടുണ്ട്. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.