എറണാകുളം:ഇന്ന് കൊച്ചിയിൽ എത്തിച്ച ശേഷം സെൻട്രൽ എസിപിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും കോടതിയിൽ ബോബിയെ ഹാജരാക്കുക.സ്ത്രീത്വത്തെ അപമാനിച്ചെന്ന് നടി ഹണി റോസിന്റെ പരാതിയിൽ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ നാളെ കോടതിയിൽ ഹാജരാക്കുന്നത്.ബോബിയെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് എത്തിക്കുക.
കേസിൽ ഹണി റോസിന്റെ മൊഴി ഇന്നുതന്നെ രേഖപെടുത്തും. ബോബിക്കെതിരെ മറ്റ് പരാതികൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കൊച്ചിയിൽ എത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യുമെന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു. വയനാട്ടിലെ ആയിരം ഏക്കർ എസ്റ്റേറ്റിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുത്തൂർവയൽ എ ആർ ക്യാമ്ബിലെ ചോദ്യം ചെയ്യലിന് ശേഷം ബോബി ചെമ്മണ്ണൂരുമായി പൊലീസ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു.
വൈകിട്ടോടെ കലൂർ സ്റ്റേഷനിലെത്തിക്കും. വയനാട് പൊലീസിനെ അറിയിക്കാതെയായിരുന്നു കൊച്ചി പൊലീസിൻറെ ഓപ്പറേഷൻ ബോചെ. മുൻകൂർ ജാമ്യം നേടാനുള്ള ബോചെയുടെ നീക്കം പൊലീസ് പൊളിക്കുകയായിരുന്നു.ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി പറഞ്ഞിരുന്നു.