Banner Ads

വൃന്ദാവനിലെ യമുനാ നദിയിൽ ബോട്ട് മറിഞ്ഞു; ഒമ്പത് പേർ മരിച്ചതായി റിപ്പോർട്ട്

മഥുര: ഉത്തർപ്രദേശിലെ വൃന്ദാവനിൽ യമുനാ നദിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. വൃന്ദാവൻ കോടാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ശൃംഗാർ ഘട്ടിന് സമീപമാണ് ദാരുണമായ ഈ അപകടം നടന്നത്.ഇരുപത്തിയഞ്ചോളം യാത്രക്കാരുമായി പോയ സ്റ്റീമർ ബോട്ട് പെട്ടെന്ന് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു.

അപകടം നടന്നയുടൻ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ബോട്ട് പെട്ടെന്ന് മറിഞ്ഞതിനാൽ യാത്രക്കാർക്ക് പ്രതികരിക്കാൻ പോലും സമയം ലഭിച്ചില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.പൊലീസും പ്രാദേശിക ഭരണകൂടവും ഉടൻ തന്നെ സ്ഥലത്തെത്തി ഔദ്യോഗിക രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മഥുര ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രപ്രകാശ് സിംഗ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും (NDRF) പ്രാദേശിക മുങ്ങൽ വിദഗ്ധരും സംയുക്തമായാണ് നദിയിൽ തിരച്ചിൽ നടത്തുന്നത്.

കാണാതായ എല്ലാവരെയും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് ഭരണകൂടം വ്യക്തമാക്കി.അപകടത്തെത്തുടർന്ന് പ്രദേശം വലിയ ദുഃഖത്തിലായിരിക്കുകയാണ്. കാണാതായവരുടെ ബന്ധുക്കൾ സംഭവസ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. നദിയിൽ വീണ പലരെയും നാട്ടുകാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും, ഒഴുക്കിൽപ്പെട്ട മറ്റുള്ളവർക്കായുള്ള ആശങ്കാകുലമായ കാത്തിരിപ്പിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. സ്ഥിതിഗതികൾ ഭരണകൂടം നേരിട്ട് വിലയിരുത്തി വരികയാണ്.