Banner Ads

വൈക്കം ഉദയനാപുരത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 16-ാം വാർഡിൽ കർശന നിയന്ത്രണം

കോട്ടയം : വൈക്കം ഉദയനാപുരം പഞ്ചായത്തിലെ 16-ാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പുത്തൻകരിയിൽ പിഡി ജോണിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ മൂന്ന് ദിവസം മുൻപ് 1200ഓളം കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ കോഴികളെയും വളർത്തുപക്ഷികളെയും അടിയന്തരമായി കൊന്നൊടുക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടു. രോഗബാധിത പ്രദേശത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ്, കാട എന്നിവയുടെ ഇറച്ചി, മുട്ട, വളം എന്നിവയുടെ വിപണനത്തിനും കടത്തലിനും മൂന്ന് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തി.

വൈക്കം നഗരസഭ, ചെമ്പ്, മറവൻതുരുത്ത്, ടിവി പുരം, തലയാഴം, കല്ലറ, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നീ പഞ്ചായത്തുകളിലാണ് നിയന്ത്രണം ബാധകമാകുകയെന്ന് കോട്ടയം കലക്ടർ ചേതൻ കുമാർ മീണ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.