
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് ദന്തൽ കോളേജ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം സ്വദേശി നിധിൻ രാജ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കോളേജ് കെട്ടിടത്തിന് താഴെ നിധിനെ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സഹപ്രവർത്തകരും അധികൃതരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയാണ് നിധിൻ. മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് നിധിൻ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ ചക്കരക്കൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.