കാലിഫോര്‍ണിയ: ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും ആക്സിയം-4 ദൗത്യസംഘവും ഇന്ന് (ജൂലൈ 15, 2025 ചൊവ്വാഴ്ച) ഭൂമിയിൽ തിരിച്ചെത്തും. ജൂൺ 25-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ആക്സിയം-4 ദൗത്യം, 18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷമാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.
ഇന്നലെ വൈകുന്നേരം 4:45-ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് യാത്ര പുറപ്പെട്ട ക്രൂ ഡ്രാഗൺ ഗ്രേസ് പേടകം ഇപ്പോൾ ബഹിരാകാശത്ത് കൂടി സഞ്ചരിക്കുകയാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ പേടകത്തിലെ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാനുള്ള നടപടികൾ തുടങ്ങും. കാലിഫോര്‍ണിയ തീരത്ത് 3:01-ഓടെ ഡ്രാഗൺ ഗ്രേസ് പേടകം ഇറങ്ങും.
ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം-4 ദൗത്യസംഘം ഇന്നലെ (ജൂലൈ 14, 2025) ഇന്ത്യൻ സമയം വൈകിട്ട് 4:45-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ഹാർമണി മൊഡ്യൂളിൽ നിന്ന് വേർപെട്ട് ഭൂമി ലക്ഷ്യമാക്കി യാത്ര തുടങ്ങി.
ക്രൂ ഡ്രാഗൺ ഗ്രേസ് പേടകത്തിലാണ് ഇവർ ഭൂമിയിലേക്ക് മടങ്ങുന്നത്.സ്‌പ്ലാഷ്‌ഡൗണ്‍ സൈറ്റിന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ മുകളില്‍ വച്ച് പ്രധാന പാരച്യൂട്ടും ഓപ്പണാകും. കാലാവസ്ഥ അനുകൂലമായാല്‍ 3.01ന് ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് ഇറങ്ങുമെന്നാണ് പ്രതിപാദിക്കുന്നത്. സ്‌പ്ലാഷ്‌ഡൗണിന് പിന്നാലെ സ്പേസ്എക്‌സിന്‍റെ റിക്കവറി കപ്പല്‍ നാലുപേരെയും കരയ്‌ക്കെത്തിക്കും.