കണ്ണൂർ : കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് അധികാരികൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് രജിസ്ട്രേഷൻ ഫീസ് ഏർപ്പെടുത്തിയത് വലിയ വിവാദമായിരിക്കുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ് കൊവിഡിന് ശേഷം ഒരു ഗ്രാമ പഞ്ചായത്ത് വീടുകളില്‍ നടത്തുന്ന ആഘോഷങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതു വലിയ ചർച്ചയായിട്ടുണ്ട്.
നവംബർ ഒന്നുമുതല്‍ പഞ്ചായത്ത് പരിധിയിലെ വീടുകളില്‍ നടക്കുന്ന വിവാഹം, ഗൃഹപ്രവേശം, ജന്മദിനം എന്നീ ചടങ്ങുകളില്‍ 100 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ ഭക്ഷണ വിതരണം ചെയ്യുന്നുണ്ടെങ്കില്‍ മൂന്ന് ദിവസം മുൻപെ രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്.
ഇതിനായി 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കണ്ടത്. ആരാധനാലയങ്ങള്‍ക്കും ഇതു ബാധകമാണെന്ന് നോട്ടീസില്‍ പറയുന്നുണ്ട്. ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത് പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന പ്രത്യേക അപേക്ഷാ ഫോറത്തിലാണ്. സി.പി.എം വർഷങ്ങളായി ഭരിച്ച് കൊണ്ടിരിക്കുന്ന ഗ്രാമ പഞ്ചായത്തുകളിലൊന്നാണ് അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത്.
പുതിയതായി ഇറക്കിയ ഉത്തരവ് തദ്ദേശ സ്വയംഭരണ ചട്ടങ്ങള്‍ക്ക് എതിരാണെന്ന് പ്രതിപക്ഷ പാർട്ടികള്‍ ആരോപിച്ചു. ഇവർ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വരും ദിനങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നാണ്. എന്നാല്‍ പഞ്ചായത്ത് അധികൃതരുടെ വിശദീകരണം ശുചിത്വ പരിപാലനം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പൊതുചടങ്ങുകള്‍ക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയതെന്നാണ്.