Banner Ads

രോഗിയുമായി പോയ ആംബുലൻസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു;ഡ്രൈവർക്ക് പരിക്ക്

കൊല്ലം:നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ശാസ്താംകോട്ട പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർ റഹീമിന് പരിക്കേറ്റു.എബനേസർ സ്കൂൾ ഭാഗത്ത് നിന്നും രോഗിയുമായി ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്.

പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുന്നതിനിടെ, ചക്കുവള്ളിയിൽ നിന്നും കല്ലുകുഴി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയുടെ വശത്തേക്ക് ആംബുലൻസ് ഇടിച്ചുകയറുകയായിരുന്നു. ആംബുലൻസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റ റഹീമിനെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.