Banner Ads

പണം നൽകിയെന്ന ആരോപണം: പാലക്കാട് ശോഭാ സുരേന്ദ്രനും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്പോര്

പാലക്കാട്: കണ്ണാടിയിൽ വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിജെപി പ്രതിരോധത്തിലായി. ‘വോട്ടിന് നോട്ട്’ എന്ന ആരോപണം ശക്തമായതോടെ, ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും കോൺഗ്രസ് പ്രവർത്തകരും പരസ്പര ആരോപണങ്ങളുമായി രംഗത്തെത്തി.വോട്ടിനായി പണം നൽകിയെന്ന ആരോപണം ശോഭാ സുരേന്ദ്രൻ പൂർണ്ണമായും തള്ളി.

കോൺഗ്രസ് പ്രവർത്തകർ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് തന്നെ വേട്ടയാടുന്നതെന്ന് അവർ ആരോപിച്ചു. കാറിലുണ്ടായിരുന്നവർ തന്നോട് അശ്ലീല ആംഗ്യം കാണിച്ചതുകൊണ്ടാണ് അവരെ തടഞ്ഞതെന്നും ശോഭ വ്യക്തമാക്കി.ശോഭയുടെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു. പണം നൽകുന്നത് കൈയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ് അശ്ലീല ആംഗ്യം എന്ന പേരിൽ പുതിയ കഥയുമായി ശോഭ വരുന്നതെന്ന് അവർ പരിഹസിച്ചു.

വാഹനം പിന്തുടർന്നുവെന്നത് തെറ്റായ ആരോപണമാണ്. യാദൃശ്ചികമായാണ് പണം നൽകുന്നത് കണ്ടതും അത് വീഡിയോയിൽ പകർത്തിയതും.പണം നൽകുന്ന ദൃശ്യം പകർത്തിയത് മനസ്സിലായതോടെയാണ് അശ്ലീല ആംഗ്യം എന്ന ആരോപണം ഉന്നയിച്ച് തടിതപ്പാൻ ശ്രമിക്കുന്നത്.കാറിലുണ്ടായിരുന്ന സ്ത്രീയാണ് ശോഭയ്ക്ക് പണം നൽകിയത്. ഈ സ്ത്രീ പാലക്കാട് സ്വദേശിയല്ലെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു