
ദില്ലി : പശ്ചിമേഷ്യയിൽ തുടരുന്ന രൂക്ഷമായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് പ്രദാനമന്ത്രിയുടെ ആഹ്വാനം. വ്യാജവാർത്തകളിലും കിംവദന്തികളിലും വീഴരുതെന്നും മോദി ഓർമ്മിപ്പിച്ചു.
പശ്ചിമേഷ്യൻ സംഘർഷം ലോകമെമ്പാടും പെട്രോൾ, ഡീസൽ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഊർജ്ജ മേഖലകളെയാണ് സംഘർഷങ്ങൾ ബാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു ദശകത്തിൽ രാജ്യം കൈവരിച്ച ആഗോള ബന്ധങ്ങളും നൈപുണ്യവും കാരണം ഇത്തരം പ്രതിസന്ധികളെ ദൃഢനിശ്ചയത്തോടെ നേരിടാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ടെന്ന് മോദി വ്യക്തമാക്കി.
ഒരു കോടിയിലധികം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്ന ഗൾഫ് രാജ്യങ്ങളോട് അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി. അയൽപക്കത്ത് യുദ്ധം തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. ഇത് വെല്ലുവിളികൾ നിറഞ്ഞ സമയമാണ്. 140 കോടി ജനങ്ങളും ഒന്നിച്ച് നിന്ന് ഈ പ്രതിസന്ധിയെ മറികടക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.