Banner Ads

എംഎൽഎ മുകേഷ് രാജി വെക്കണമെങ്കിൽ കോണ്‍ഗ്രസ് എംഎല്‍മാരായ എം.വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പിള്ളി തുടങ്ങിയവരും രാജി വെക്കണമെന്ന് സിപിഎം

    മുകേഷിനെതിരെ ആരോപണം മാത്രമാണ് ഉയര്‍ന്നിട്ടുള്ളത്, എന്നാൽ അന്വേഷിച്ച്‌ കുറ്റപത്രം നല്‍കിയ കേസിലെ മുഖ്യ പ്രതികളാണ് വിന്‍സെന്റും എല്‍ദോസും.

തിരുവനന്തപുരം : നടനും എംഎല്‍യുമായ മുകേഷിനെതിരെ ഉയര്‍ന്നു വന്ന ലൈംഗിക ആരോപണത്തെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവെപ്പിക്കാന്‍ യുഡിഎഫ് പ്രക്ഷോഭം ആരംഭിച്ചാല്‍ അതേ രീതിയില്‍ തന്നെ തിരിച്ചടിക്കാന്‍ തയ്യാറായി സിപിഎം. ബലാത്സംഗക്കേസില്‍ പ്രതികളായിട്ടുള്ള കോണ്‍ഗ്രസ് എംഎല്‍മാരായ എം വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പിള്ളി തുടങ്ങിയവരെ രാജിവെപ്പിച്ചതിന് ശേഷം മതി മുകേഷിനെതിരെ പ്രതിഷേധിക്കാൻ എന്ന നിലപാടിലാണ് സിപിഎം. മുകേഷിനെതിരെ ആരോപണം മാത്രമാണ് ഉയര്‍ന്നിട്ടുള്ളത്, എന്നാൽ അന്വേഷിച്ച്‌ കുറ്റപത്രം നല്‍കിയ കേസിലെ മുഖ്യ പ്രതികളാണ് വിന്‍സെന്റും എല്‍ദോസും.

യുവതി നൽകിയ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ദിവസങ്ങളോളം ജയിലില്‍ കിടന്ന വ്യക്തിയാണ് വിന്‍സെന്റ്.  എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗ, കൊലപാതകശ്രമ കേസിലെ പ്രതിയുമാണ്.  ഒന്നിലധികം തവണ ബലത്സംഗം ചെയ്തെന്നും പരാതി നൽകുമെന്നായപ്പോൾ കോവളത്തുവച്ച്‌ കൊല്ലാന്‍ ശ്രമിച്ചെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തി എംഎല്‍എയ്ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടും കോണ്‍ഗ്രസ് നടപടിയെടുക്കാതെ ഇപ്പോഴും എംഎല്‍എയായി തുടരുകയാണ് ഇയാള്‍.

ഗുരുതര ആരോപണങ്ങൾ ഉണ്ടായിട്ടും സ്ഥാനമൊഴിയാന്‍ ഈ നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നത് കോണ്‍ഗ്രസിന്റെ കപടമുഖം വെളിപ്പെടുത്തുന്നതായി സിപിഎം ചൂണ്ടിക്കാട്ടി.  പീഡനത്തിന് ഇരയായ സ്ത്രീകളിൽ നിന്ന് പരാതി ലഭിച്ചിട്ടും കൃത്യമായ നടപടിയെടുക്കാൻ കെ.പി.സി.സി തയാറായില്ല. എൽദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവില്‍പ്പോയപ്പോള്‍ തങ്ങൾക്ക് അറിവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനും വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.

സോളാർ അഴിമതിയിൽ നിരവധി കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആരും രാജിവെച്ചിട്ടില്ല. കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, കൊടിക്കുന്നിൽ സുരേഷ്, തുടങ്ങിയവർ സോളാർ കേസുമായി ബന്ധപ്പെട്ട് പീഡനാരോപണം നേരിട്ടവരാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് ശ്രദ്ധ തിരിക്കാനും സിനിമാ മേഖലയിലെ മറ്റ് പ്രമുഖരെ സംരക്ഷിക്കാനുമുള്ള കോൺഗ്രസിൻ്റെ ശ്രമമായാണ് മുകേഷിനെതിരെയുള്ള പ്രതിഷേധത്തെ സി.പി.എം കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *