Banner Ads

പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപ്പന്നം; കടയുടമയെ പൊക്കി ആലപ്പുഴ സൗത്ത് പോലീസ്

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇരവുകാട് വാർഡിൽ പെട്ടിക്കട നടത്തുന്ന ഷിജു (49) ആണ് പിടിയിലായത്. നേരത്തെ സമാനമായ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും ലഹരി വിൽപന തുടരുകയായിരുന്നു.

കഴിഞ്ഞ 26-ന് ഇരവുകാട് സ്വദേശിനിയായ യുവതി തന്റെ മകന്റെ കൈവശം നിരോധിത പുകയില ഉൽപ്പന്നത്തിന്റെ കവർ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മകന്റെ കൂട്ടുകാരന്റെ പിതാവ് കൂടിയായ ഷിജുവാണ് ഇത് നൽകിയതെന്ന് കുട്ടി വെളിപ്പെടുത്തി.

തുടർന്ന് യുവതി ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ വിനീഷ് വി. എസിന് പരാതി നൽകുകയായിരുന്നു. തിരുവമ്പാടി കള്ളുഷാപ്പിന് സമീപമുള്ള പ്രതിയുടെ കടയിൽ പോലീസ് നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ച നിരവധി പായ്ക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.