Banner Ads

വിമാനയാത്ര ഇനി ചെലവേറും; സർചാർജ് കൂട്ടി ഇൻഡിഗോ, ടിക്കറ്റ് നിരക്ക് കുതിച്ചുയരും.

വിമാന ഇന്ധനവിലയിലുണ്ടായ വൻ വർധനയെത്തുടർന്ന് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ സർചാർജ് ഏർപ്പെടുത്തി. ഇതോടെ ആഭ്യന്തര, രാജ്യാന്തര വിമാന യാത്രകൾക്ക് ചെലവേറും. പുതുക്കിയ നിരക്കുകൾ നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.ഇന്ധനവില വർധനയുടെ ഭാരം യാത്രക്കാരിലേക്ക് കൈമാറാനാണ് കമ്പനിയുടെ തീരുമാനം. ഇൻഡിഗോയ്ക്ക് പിന്നാലെ മറ്റു വിമാനക്കമ്പനികളും സമാനമായ രീതിയിൽ നിരക്ക് വർധിപ്പിച്ചേക്കും.

ടിക്കറ്റ് നിരക്കിൽ 275 രൂപ മുതൽ 950 രൂപ വരെ വർധനയുണ്ടാകും. യാത്രക്കാർക്ക് 900 രൂപ മുതൽ 10,000 രൂപ വരെ അധികം നൽകേണ്ടി വരും.ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധനത്തിന് 115 ശതമാനവും രാജ്യാന്തര സർവീസുകൾക്ക് 107 ശതമാനവുമാണ് വില ഉയർന്നത്. കേന്ദ്രസർക്കാർ എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചയിൽ ആഭ്യന്തര വിമാന ഇന്ധനത്തിന് 25% വർധന മതിയെന്ന് നിശ്ചയിച്ചിട്ടുണ്ട്.

രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും വിലക്കയറ്റം യാത്രക്കാരെ നേരിട്ട് ബാധിക്കുകയാണ്.വിമാനക്കൂലിക്ക് പുറമെ സാധാരണക്കാരെ ബാധിക്കുന്ന മറ്റ് ഇന്ധനവിലകളും വർധിച്ചിട്ടുണ്ട്.19 കിലോ സിലിണ്ടറിന് 195.50 രൂപ വർധിച്ചു. ഇതോടെ പുതിയ വില 2,078.50 രൂപയായി. ആഗോള വിപണിയിലെ വിലക്കയറ്റമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വിലയും വർധിപ്പിച്ചിട്ടുണ്ട്.