Banner Ads

ശബരിമലയിൽ ആകാശ സുരക്ഷാലംഘനം: എഡിജിപിയുടെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതി സ്പെഷ്യൽ കമ്മീഷണർക്ക് കൈമാറും

തിരുവനന്തപുരം: ശബരിമല സന്നിധാനത്തിന് മുകളിലൂടെ അനുമതിയില്ലാതെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ അതീവ ഗൗരവതരമായ സുരക്ഷാവീഴ്ചയെന്ന് പോലീസ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് എഡിജിപി എസ്. ശ്രീജിത്ത് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതി സ്പെഷ്യൽ കമ്മീഷണർക്ക് സമർപ്പിക്കും.

സന്നിധാനത്തെ കൊടിമരത്തിന് വെറും അഞ്ചടി മാത്രം ഉയരത്തിൽ നാലുതവണ ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത് അതീവ സുരക്ഷാ ഭീഷണിയായി കണക്കാക്കുന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിച്ചിട്ടുണ്ട്.മോശം കാലാവസ്ഥ കാരണം ദിശ തെറ്റിയതാണെന്ന കോസ്റ്റ് ഗാർഡിന്റെ വാദം പ്രാഥമികമായി തള്ളിക്കളയുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിവരങ്ങളും പൈലറ്റുമാരുടെ മൊഴിയും പരിശോധിക്കാൻ റിപ്പോർട്ടിൽ ശുപാർശയുണ്ട്.

സംഭവദിവസത്തെ എയർ ട്രാഫിക് കൺട്രോൾ റൂമിലെ വിവരങ്ങൾ കൂടി ശേഖരിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് എഡിജിപിയുടെ നിലപാട്.അതീവ സുരക്ഷാ മേഖലയായ ശബരിമലയിൽ ഡ്രോണുകൾക്ക് പോലും വിലക്കുണ്ട്. വിവിഐപികളുടെ യാത്രയ്ക്ക് പോലും കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ, കോസ്റ്റ് ഗാർഡ് ഇത്തരത്തിൽ പറന്നത് പ്രോട്ടോക്കോൾ ലംഘനമാണ്.സുരക്ഷാ മേഖലയിൽ അനുമതിയില്ലാതെ പ്രവേശിച്ച് പരിഭ്രാന്തി പടർത്തിയതിന് പമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

സന്നിധാനത്തെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.സ്പെഷ്യൽ കമ്മീഷണർ നൽകിയ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്. എഡിജിപിയുടെ റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ കോടതി കർശന നടപടികൾക്ക് നിർദ്ദേശം നൽകിയേക്കും.പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ശബരിമലയിൽ കോസ്റ്റ് ഗാർഡ് നിരീക്ഷണം നടത്തേണ്ട സാഹചര്യമില്ലെന്നിരിക്കെ, എന്തുകൊണ്ട് ഇത്തരമൊരു നീക്കം ഉണ്ടായി എന്നത് പോലീസ് പരിശോധിച്ചുവരികയാണ്.