കൊച്ചി : വിദ്യാർഥികൾക്ക് വായനയിലുള്ള താത്പര്യം വർദ്ധിപ്പിക്കാനായി എല്ലാ സ്കൂൾ ലൈബ്രറികളിലും പത്രങ്ങൾ ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനമെടുത്തതിന് പിന്നാലെയാണ് പത്രവായന പ്രോത്സാഹിപ്പിക്കാനുള്ള ഈ നടപടി.
വിദ്യാഭ്യാസ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനവും ആസൂത്രണവും നടത്താൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ വായനാ മത്സരങ്ങൾ സംഘടിപ്പിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു.
പത്രവായന അടക്കമുള്ള ശീലങ്ങളിലൂടെ വിദ്യാർഥികളുടെ പൊതുവിജ്ഞാനം മെച്ചപ്പെടുത്താനും പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനുമാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.