
ബംഗ്ളൂരു : കർണാടകയിലെ കുടക് ജില്ലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയന്റെമോളിൽ (1748 മീറ്റർ) ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്താൻ വനംവകുപ്പും പോലീസും തീവ്രശ്രമം തുടരുന്നു. കൊച്ചിയിലെ ഐടി കമ്പനി ജീവനക്കാരിയായ ശരണ്യ ബുധനാഴ്ച രാത്രി യാവകപ്പാടിയിലെ ഹോംസ്റ്റേയിലാണ് താമസിച്ചത്.
വ്യാഴാഴ്ച രാവിലെ 7 മണിയോടെ ട്രക്കിങ് കേന്ദ്രത്തിലെത്തി. ഓൺലൈൻ വഴി ടിക്കറ്റെടുത്ത ശരണ്യയെയും മറ്റ് ഒൻപത് പേരെയും രാവിലെ 8.15ഓടെ വനംവകുപ്പ് ചെക്ക് പോസ്റ്റിൽ നിന്ന് കടത്തിവിട്ടു. സുരക്ഷാ കാരണങ്ങളാൽ ഒറ്റയ്ക്ക് ആരെയും ഇവിടേക്ക് വിടാറില്ലാത്തതിനാൽ ഒരു സംഘത്തിനൊപ്പമാണ് ശരണ്യയും പോയത്. സാധാരണഗതിയിൽ അഞ്ച് മണിക്കൂർ കൊണ്ട് ട്രക്കിങ് പൂർത്തിയാക്കി തിരിച്ചിറങ്ങേണ്ടതാണ്.
കൂടെ പോയവർ മടങ്ങിയെത്തിയിട്ടും ശരണ്യ എത്താതിരുന്നത് വനംവകുപ്പ് ശ്രദ്ധിച്ചു. കൂടെ പോയവരോട് ചോദിച്ചപ്പോൾ മുകളിൽ നായയോടൊപ്പം കളിച്ചു നിൽക്കുന്നുവെന്നായിരുന്നു മറുപടി. ഉച്ചകഴിഞ്ഞിട്ടും ശരണ്യയെ കാണാതായതോടെ ഹോംസ്റ്റേ ഉടമ സ്ഥലത്തെത്തി അന്വേഷണം നടത്തി. പലതവണ ഫോണിൽ വിളിച്ചെങ്കിലും ശരണ്യയെ കിട്ടിയില്ല.
എന്നാൽ ഇടയ്ക്ക് ഒരു തവണ ഫോൺ കണക്ട് ആയപ്പോൾ വഴി തെറ്റിപ്പോയി എന്ന് ശരണ്യ പറഞ്ഞിരുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. അപൂർവ്വമായാണ് തടിയന്റെമോൾ ട്രെക്കിങ്ങിനിടെ ആളുകൾക്ക് വഴി തെറ്റാറുള്ളൂ. വഴി തെറ്റിയാലും രണ്ട് മൂന്ന് മണിക്കൂർ കൊണ്ട് വഴി കണ്ടെത്താറുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു.
ദീർഘദൂര ട്രക്കിങ്ങുകളിൽ മുൻപരിചയമുള്ളയാളാണ് ശരണ്യ. യാത്രകളെ സ്നേഹിക്കുന്ന അവൾക്ക് ഇത്തരം സാഹചര്യങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ശരണ്യ സുരക്ഷിതയായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും.