Banner Ads

വയനാട്ടിലേക്കുള്ള വിനോദയാത്ര ദുരന്തത്തിൽ; നെടുംപൊയിൽ ചുരത്തിൽ കാർ മറിഞ്ഞ് വയോധിക മരിച്ചു

കണ്ണൂർ : കണ്ണൂർ നെടുംപൊയിൽ ചുരത്തിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 78കാരിയായ ഭാർഗവി ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാർഗവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് പോയ സംഘമാണ് അപകടത്തിൽപെട്ടത്.

ചുരത്തിലെ സെമിനാരി വളവിൽ വെച്ച് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ മറ്റ് യാത്രക്കാരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല.