Banner Ads

പേരൂർക്കടയിൽ സ്ഥാനാർത്ഥിപ്പൂരം; ക്രയിനിലേറിയും വേഷപ്പകർച്ചകളായും മുന്നണികളുടെ കലാശക്കൊട്ട്.

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണത്തിന് സമാപനം കുറിച്ച് നടന്ന കൊട്ടിക്കലാശത്തിൽ പതിവുപോലെ പേരൂർക്കട തന്നെയായിരുന്നു പ്രധാന ആകർഷണകേന്ദ്രം. വാശിയേറിയ പോരാട്ടം നടക്കുന്ന ഇവിടെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും അണികളെ ആവേശം കൊള്ളിക്കാൻ വേറിട്ട ശൈലികളുമായാണ് എത്തിയത്.വോട്ടർമാരെയും പ്രവർത്തകരെയും കൈവീശി അഭിവാദ്യം ചെയ്യാൻ വി.കെ. പ്രശാന്ത് എത്തിയത് കൂളിംഗ് ഗ്ലാസ് ധരിച്ചായിരുന്നു. ക്രയിനിലേറി അദ്ദേഹം പ്രവർത്തകർക്കിടയിൽ ആവേശം വിതറി.കെ. മുരളീധരൻ കോൺഗ്രസിന്റെ ത്രിവർണ്ണ ഷാളണിഞ്ഞ് പ്രകടനത്തിനെത്തി.

ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകർക്ക് നടുവിൽ അദ്ദേഹം വിജയപ്രതീക്ഷ പങ്കുവെച്ചു.മുൻ ഡി.ജി.പി ആർ. ശ്രീലേഖ കിരീടം ധരിച്ചാണ് ക്രയിനിലേറിയത്. ബി.ജെ.പി പ്രവർത്തകരുടെ ബാൻഡ് മേളങ്ങൾക്കും മുദ്രാവാക്യങ്ങൾക്കുമൊപ്പം അവർ തന്റെ സാന്നിധ്യം അറിയിച്ചു.നിശ്ചല ദൃശ്യങ്ങൾ, ചെണ്ടമേളം, ബാൻഡ് വാദ്യം, റോഡ് ഷോ എന്നിവയോടെയാണ് ഓരോ മണ്ഡലങ്ങളിലെയും പ്രചാരണ കേന്ദ്രങ്ങൾ അവസാന ലാപ്പിലേക്ക് കടന്നത്. പരസ്യപ്രചാരണം അവസാനിച്ചതോടെ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. വോട്ടർമാരുടെ മനസ്സ് ആർക്കൊപ്പമെന്നറിയാൻ ഇനി പോളിംഗ് ദിനത്തിനായുള്ള കാത്തിരിപ്പാണ്.