Banner Ads

ഇന്ത്യ-കാനഡ നയതന്ത്ര യുദ്ധം

ഇന്ത്യ-കാനഡ നയതന്ത്ര ഉലച്ചിലിന്റെ ഫലമായി എന്തെല്ലാം തുടർചലനങ്ങളാണ് സംഭവിക്കാൻ പോകുന്നതെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം. ഖലിസ്‌ഥാൻ നേതാവ് ഹർ ദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കു പങ്കാളിത്തമുണ്ടെന്ന കാനഡയുടെ ആരോപണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്‌ഥരെ പുറത്താക്കി നയതന്ത്ര യുദ്ധം തുടങ്ങി.

ഈ കലഹം പ്രവാസിബന്ധങ്ങളെ അട്ടിമറിക്കുമോ എന്നത് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഈ സംഘർഷാവസ്‌ഥ കാനഡയിലേക്കുള്ള കുടിയേറ്റത്തെ ബാധിക്കുമോ, വിദ്യാർഥികൾക്കു പഠന-ഗവേഷണാവസരത്തിനുള്ള എക്സ്‌ചേഞ്ചി പ്രോഗ്രാമുകളിൽ ഇടിവുണ്ടാക്കുമോ, ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കുമോ എന്നിവ കണ്ടറിയാൻ കാര്യങ്ങൾ പലതുണ്ട്.

തെക്കേഷ്യൻ വംശജരുടെ സജീവസാന്നിധ്യമുള്ള ഒരു രാജ്യമാണ് കാനഡ. ഇതിൽ കൂടുതൽ വിഭാഗവും ഇന്ത്യൻ വംശജരാണ്. 2021ലെ സെൻസസ് പ്രകാരം കാനഡയിൽ 18 ലക്ഷം തെക്കേഷ്യക്കാരാണുള്ളത്. ആകെ ജനസംഖ്യയുടെ 5% സമ്പദ്വ്യവസ്‌ഥയിലും രാഷ്ട്രീയത്തിലും സംസ്കാരികജീവിതത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന ഇവർ കാനഡയുടെ സാമൂഹികഘടനയിലെ അവിഭാജ്യ ഘടകമാണ്.

ഇവരിൽ വലിയൊരു വിഭാഗം സിഖുകാരാണ്.എന്നാൽ കാനഡയിലെ ഇന്ത്യൻ വംശജരിൽ ഹിന്ദുക്കളും മുസ്‌ലിംങ്ങളും ക്രിസ്‌ത്യാനികളുമെല്ലാമുണ്ട്. കാനഡയിലേക്കു കുടിയേറി പാർക്കുന്നവരുടെ എണ്ണത്തിൽ മുൻ പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഓരോ വർഷവും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് പഠനത്തിനും ജോലിക്കും ബിസിനസ് തുടങ്ങാനും മറ്റുമായി കാനഡയിലേക്ക് പോകുന്നത്.

പ്രേത്യേകിച്ചും, പഞ്ചാബിൽനിന്നും കേരളത്തിൽനിന്നും ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന ഇന്ത്യൻ യുവജനതയുടെ പ്രിയപ്പെട്ട ഇടമായി കാനഡ മാറിക്കഴിഞ്ഞു. കനേഡിയൻ ബ്യൂറോ ഫോർ ഇന്റർനാഷനൽ എജ്യുക്കേഷൻ്റെ (സിബി ഐഇ) കണക്കുകൾ പ്രകാരം 2022ൽ മൂന്ന് ലക്ഷത്തി ഇരുപതിനായിരം വിദ്യാർഥികളാണ് കാനഡയിൽ പഠനം നടത്തിയിരുന്നത്.

കാനഡയിലെ ആ വർഷത്തെ ആകെ രാജ്യാന്തര വിദ്യാർഥി ജനസംഖ്യയുടെ 35% ആയിരുന്നു ഇത്. ഇപ്പോൾ എണ്ണം കൂടി.ഇതിനോടകം തന്നെ ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി നയിക്കുന്ന സർക്കാർ, വിദ്യാർഥി വീസ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രാജ്യാന്തര വിദ്യാർഥികളുടെ ഉപരിപഠനം എന്നത് കാനഡയിലെ സമ്പത് വ്യവസ്ഥയ്ക്കു കോടിക്കണക്കിനു ഡോളറിൻ്റെ കുതിപ്പേകുന്ന മേഖലയാണ്.ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി കുറയുന്നത് കനേഡിയൻ സ്‌ഥാപനങ്ങൾക്കു കനത്ത പ്രഹരമാണ് സംഭവിക്കുന്നത്.

ഇന്ത്യ- കാനഡ വ്യാപാരബന്ധം എന്നത് ഇരുരാജ്യങ്ങളുടെയും സമ്പദവ്യവസ്‌ഥയിൽ തന്ത്രപ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്. 2022ൽ 1000 കോടി കനേഡിയൻ ഡോളറിൻ്റെ (ഏകദേശം 60980 കോടി രൂപ) ഉഭയകക്ഷി വ്യാപാരമാണു നടന്നത്. കാനഡയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി ഇനങ്ങൾ തുണിത്തരങ്ങളും മരുന്നുകളും മെഷിനറിയുമാണ്.ഇന്ത്യയിലേക്കുള്ള കാനഡയുടെ കയറ്റുമതി ഇനങ്ങൾ പയറുവർഗങ്ങൾ, വളം, തടി കൊണ്ടുള്ള ഉൽപന്നങ്ങൾ തുടങ്ങിയവയാണ്.

നയതന്ത്രബന്ധം ഉലയുന്നതു വ്യാപാരത്തെയും ബാധിച്ചേക്കാം. വ്യാപാരക്കരാറുകൾ ഒറ്റരാത്രികൊണ്ട് അവസാനിപ്പിക്കാനാകുന്നതല്ലെങ്കിലും, ബിസിനസ് പങ്കാളിത്തങ്ങൾക്കു പ്രോത്സാഹനം പകരുന്നതിൽ സുപ്രധാന പങ്ക് നയതന്ത്ര ബന്ധങ്ങൾക്കുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങൾ നിക്ഷേപസാധ്യതകൾക്കും തിരിച്ചടിയായേക്കാം. ഉഭയകക്ഷിബന്ധത്തിലെ ആശയക്കുഴപ്പം കനേഡിയൻ നിക്ഷേപകരെയും ഇന്ത്യൻ നിക്ഷേപകരെയും ഒരുപോലെ നിരുത്സാഹപ്പെടുത്താനിടയുണ്ട്.

പുതിയ കരാറുകൾക്കുള്ള ചർച്ചകളും അവതാളത്തിലാകും. സാങ്കേതികവിദ്യയിലും പുനരുപയോഗയോഗ്യ ഊർജ മേഖലയിലും മെച്ചപ്പെട്ട ഏകോപനത്തിനായി കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രദ്ധേയശ്രമങ്ങൾ നടന്നുവരുന്നതാണ്. ഈ മേഖലകളിൽ ഇനി പുതിയ സംരംഭങ്ങൾക്കും കരാറുകൾക്കും മാന്ദ്യം സംഭവിക്കാനുള്ള സാധ്യതയും പരിഗണിക്കണം. കനേഡിയൻ പെൻഷൻ ഫണ്ടുകൾ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരിൽപ്പെടും.ഇവരുടെ സംഭാവന വളരെ വലുതാണ് ഇന്ത്യയിലേക്കു നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ.

കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ്റ് ബോർഡ് പോലെയുള്ള വൻകിട കനേഡിയൻ ഫണ്ടുകൾ ഏതാനും വർഷങ്ങളായി ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്‌ചർ, റിയൽ എസ്‌റ്റേറ്റ്, ടെക്നോളജി രംഗങ്ങളിൽ കോടിക്കണക്കിനു ഡോളറിൻ്റെ നിക്ഷേപം നടത്തുന്നു. സമീപകാല സംഭവവികാസങ്ങൾ അനുകൂലമായ നിക്ഷേപ അന്തരീക്ഷത്തെ തടസ്സപ്പെടുത്തും. ദീർഘകാല നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പെൻഷൻ ഫണ്ടുകൾ അവരുടെ തന്ത്രങ്ങൾ പുനർവിചിന്തനം ചെയ്തേക്കാം.

നിലവിലെ നയതന്ത്ര പിരിമുറുക്കങ്ങൾ നിക്ഷേപകരുടെ ഉത്സാഹം കുറയ്ക്കുകയും ഭാവിയിലെ നിക്ഷേപങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്യും. ഇന്ത്യ- കാനഡ ബന്ധം മോശമാകുന്നത് സിഖ് – സിഖ് ഇതര പ്രവാസിവിഭാഗങ്ങൾക്കിടയിലെ വിഭാഗീയതക്ക് കാരണമായേക്കാം.  കാനഡയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമത്തിനു പൊതുവിൽ ഇതു തിരിച്ചടിയാകും. ഇപ്പോൾ ആവശ്യം പരസ്പരവിശ്വാസം വീണ്ടെടുക്കാനുള്ള നീക്കങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *