ചെന്നൈ: തമിഴകത്ത് പുതിയ രാഷ്ട്രീയ നീക്കവുമായി വിജയ്. തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ചിഹ്നവും പുറത്തിറക്കിയിരിക്കുകയാണ് ഇളയദളപതി. ഈ വര്‍ഷം ആദ്യം വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. 2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ മത്സരിക്കുമെന്നും താരം അറിയിച്ചിരുന്നു. ചെന്നൈയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് വിജയ് തന്നെയാണ് പാര്‍ട്ടിയുടെ കൊടി ഉയര്‍ത്തിയത്.
രണ്ട് ആനകളോടുകൂടി ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് പുറത്തിറക്കിയത്. ഈ പതാക പാര്‍ട്ടിയുടെയും തമിഴ്നാടിന്റെയും അടയാളമായി മാറുമെന്നും കഴിഞ്ഞദിവസം വിജയ് പറഞ്ഞിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള പാർട്ടി ഭാരവാഹികളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി ഭാരവാഹികളിൽ നിന്നും തെരഞ്ഞെടുത്തവർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ താന്‍ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു. പ്രതിനിധികള്‍ ചടങ്ങില്‍ പാര്‍ട്ടി പ്രതിജ്ഞ ചൊല്ലി. ”നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവന് ബലിയര്‍പ്പിച്ച പോരാളികളെയും തമിഴ് മണ്ണിലെ നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങള്‍ എപ്പോഴും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ ഞാന്‍ ഇല്ലാതാക്കും. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും എല്ലാവര്ക്കും തുല്യ അവസരങ്ങള്‍ക്കും തുല്യ അവകാശങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന തത്വം ഞാന്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ആത്ഥാര്‍ഥമായി പ്രതിജ്ഞ ചെയ്യുന്നു.” ഇതായിരുന്നു പാര്‍ട്ടി പ്രതിജ്ഞ.