ഷാർജയിലെ ഫ്ലാറ്റിൽ ഒന്നര വയസ്സുള്ള മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചന്ദനത്തോപ്പ് രജിതഭവനിൽ വിപഞ്ചികയുടെ മരണം കൊടിയ പീഡനങ്ങളുടെ ഫലമെന്ന് വെളിപ്പെടുത്തൽ. വിപഞ്ചിക സ്വന്തം കൈപ്പടയിൽ എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആത്മഹത്യാക്കുറിപ്പിലാണ് ഭർത്താവിൽ നിന്നും ഭർതൃകുടുംബാംഗങ്ങളിൽ നിന്നും നേരിട്ട അതിക്രൂരമായ പീഡനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്. ഗർഭിണിയായിരിക്കുമ്പോൾ പോലും കഴുത്തിൽ ബെൽറ്റ് മുറുക്കിയതും, ഏഴുമാസം ഗർഭിണിയായിരിക്കെ മോശമായ ഷവർമ വായിൽ കുത്തിക്കയറ്റിയതുമടക്കം കുറിപ്പിൽ പറയുന്നു. തന്റെ മരണത്തിന് കാരണക്കാർ ഒന്നാംപ്രതി ഭർത്താവിന്റെ സഹോദരി, രണ്ടാംപ്രതി ഭർത്താവ്, മൂന്നാം പ്രതി ഭർത്താവിന്റെ അച്ഛൻ എന്നിവരാണെന്ന് ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ വിപഞ്ചിക രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടുജോലിക്കാരിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും കുറിപ്പിൽ പറയുന്നു.