Banner Ads

കോഴിമാലിന്യ സംസ്കരണ ടാങ്കിൽ വിഷവാതകം ശ്വസിച്ച് 3 അതിഥി തൊഴിലാളികൾ മരിച്ചു

മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി പഞ്ചായത്തിലെ വടക്കുംമുറി കളപ്പാറയിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലെ മലിനജലസംഭരണിയിൽ മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശികളായ ഹിതേഷ് സരണിയ, സമദ് അലി, ബിഹാർ സ്വദേശി വികാസ് കുമാർ എന്നിവരാണ് മരിച്ചത്. സംഭരണിയിലെ വിഷവാതകം ശ്വസിച്ചതോ ഓക്സിജൻ ലഭിക്കാതെ വന്നതോ ആകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ തൊഴിലാളികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ചുമാസം മുൻപ് പ്രവർത്തനം ആരംഭിച്ച അനുഗ്രഹ ഹാച്ചറി ആൻഡ് പൗൾട്രി ഫാമിന് കീഴിലുള്ള പ്ലാന്റിലാണ് ദാരുണ സംഭവം. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.