Banner Ads

ഉത്തർപ്രദേശിൽ നിന്ന് രണ്ട് പ്രതികളെ കൊച്ചി സൈബർ പോലീസ് പിടികൂടി; കോടികളുടെ തട്ടിപ്പ്

മോട്ടോർ വാഹന വകുപ്പിന്റെ ‘എംപരിവാഹൻ’ (mParivahan) ആപ്ലിക്കേഷന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് രാജ്യവ്യാപകമായി സൈബർ തട്ടിപ്പുകൾ നടത്തിയ കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ അതുൽ കുമാർ സിംഗ്, മനീഷ് യാദവ് എന്നിവരെ കൊച്ചി സൈബർ പോലീസ് വാരണാസിയിൽ നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തു. നിരവധി ആളുകളുടെ യുപിഐ പിൻ നമ്പറുകൾ, ഫോൺ നമ്പറുകൾ, മറ്റ് രഹസ്യ വിവരങ്ങൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 2700-ലധികം വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകളും ഉടമകളുടെ ഫോൺ നമ്പറുകളും ഇവരുടെ കൈവശമുണ്ടായിരുന്നു. വാട്‌സാപ്പ് വഴി വ്യാജ APK ഫയലുകൾ അയച്ചും, ടെലിഗ്രാം ബോട്ട് വഴി വാഹന വിവരങ്ങൾ ശേഖരിച്ചും, പിഴ അടയ്ക്കാനുള്ള വ്യാജ ലിങ്കുകൾ പ്രചരിപ്പിച്ചുമാണ് ഇവർ തട്ടിപ്പുകൾ നടത്തിയിരുന്നത്. മനീഷ് യാദവിന്റെ 16 വയസ്സുകാരനായ ബന്ധുവാണ് ഈ വ്യാജ ആപ്ലിക്കേഷനുകൾ നിർമ്മിച്ചത്. എറണാകുളം സ്വദേശിയുടെ പരാതിയെ തുടർന്നാണ് കൊച്ചി സൈബർ പോലീസ് അന്വേഷണം ആരംഭിച്ച് പ്രതികളെ പിടികൂടിയത്.