അപ്പോളോയുടെ പെങ്ങൾ ആർട്ടിമിസ് അമ്പിളി മാമനെ കാണാൻ പോവുകയാണ്. ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാല് കുത്താൻ കാരണക്കാരനായ അപ്പോളോയുടെ വലിയ പാരമ്പര്യം പേറിയാണ്, ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെയെത്തിക്കുന്ന ദൗത്യത്തിന് ആർട്ടിമിസ് ഒരുങ്ങുന്നത്. ചന്ദ്രനുമപ്പുറം 4,50,600 കിലോമീറ്ററാണ് അപ്പോളോ ദേവന്റെ സഹോദരി ആർട്ടിമിസിന്റെ പേരിലുള്ള ഈ ദൗത്യം ലക്ഷ്യം വയ്ക്കുന്നത്. ആദ്യ ദൗത്യത്തിന്റെ 400 കോടി ഉൾപ്പെടെ മൊത്തം 9300 കോടിയാണ് ആർട്ടിമിസ് -1 ന്റെ ചെലവ്. ഇന്ന് വൈകിട്ട് 6.04 ന് ഫ്ലോറിഡയിൽ നിന്ന് നാസയുടെ ചാന്ദ്ര ദൗത്യ പരമ്പരയിലെ ആദ്യ പരീക്ഷണമായ ആർട്ടിമിസ് – 1 ചന്ദ്രനിലേക്ക് കുതിക്കും.
യാത്രികരുടെ പേടകമായ ഓറിയോൺ മാത്രമാണ് ആർട്ടിമിസ് – 1 പരീക്ഷണ ദൗത്യത്തിൽ ചന്ദ്രനിലെത്തുക. 11 അടി പൊക്കമുള്ള ഓറിയോണിന് നാല് യാത്രികരെ വഹിക്കാൻ കഴിവുണ്ട്. അപ്പോളോ ദൗത്യത്തിന് ഉപയോഗിച്ച റോക്കറ്റുകളേക്കാൾ കരുത്തുറ്റ എസ്എൽഎസ് റോക്കറ്റിലേറിയാണ് ഓറിയോൺ പറക്കുക. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയാണ് ഓറിയോൺ നിർമ്മിക്കുന്നത്. പരമാവധി രണ്ടാഴ്ചയാണ് ഓറിയോണിന് ചന്ദ്രോപരിതലത്തിലെത്താൻ വേണ്ട സമയം. ഓറിയോണിൽ 21 ദിവസം വരെ ബഹിരാകാശത്ത് താമസിക്കാനാകും. മനുഷ്യർ തൽക്കാലം യാത്രയ്ക്കില്ലെങ്കിലും മൂന്ന് പാവകൾ ഓറിയോണിൽ ടിക്കറ്റ് ഉറപ്പിച്ചിട്ടുണ്ട്. തിരികെയെത്തുന്ന പാവകളെ വിശദമായ പഠനത്തിന് വിധേയമാക്കി ബഹിരാകാശ വികിരണങ്ങളുടെ തോത്, തീവ്രത, പേടകത്തിനുള്ളിലെ ചലനം എന്നിവ മനസിലാക്കും.
അപ്പോളോ ദൗത്യത്തിന്റെ കാലഘട്ടത്തിൽ 12 പേരാണ് ചന്ദ്രനിലിറങ്ങി തിരിച്ചെത്തിയത്. 2024 ൽ ആർട്ടിമിസ് – 2 ദൗത്യം ഉണ്ടാകുമെന്നാണ് കരുതുന്നത്. മനുഷ്യർ ഉണ്ടാകുമെങ്കിലും ചന്ദ്രനെ ചുറ്റുകയല്ലാതെ ചന്ദ്രനിൽ ഇറങ്ങാൻ ഈ ദൗത്യത്തിൽ സാധിക്കില്ല. 2025 ലോ 26 ലോ ആണ് ആർട്ടിമിസ് – 3 ദൗത്യം. ഈ ദൗത്യത്തിലാണ് 1972 ന് ശേഷം മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങുക.
ചന്ദ്രനെ ചുറ്റുന്ന ഗേറ്റ്‍വേ എന്ന ബഹിരാകാശ നിലയം നിർമ്മിക്കാനും ആർട്ടിമിസ് -1 ന് പദ്ധതിയുണ്ട്. ഭാവിയിൽ ചൊവ്വയിലേക്കുള്ള ഇടത്താവളമായി ഉപയോഗിക്കുന്നതിനാണിത്. ആർട്ടിമിസ് -1 വിജയമായാൽ എല്ലാ വർഷവും മനുഷ്യനെ ചന്ദ്രനിലിറക്കാനാണ് നാസയുടെ തീരുമാനം. ദൗത്യം പൂർത്തിയാക്കിക്കഴിഞ്ഞാൽ പിന്നെ ഓറിയോൺ പേടകത്തിന് ഭൂമിയിലേക്ക് ഒരു തിരിച്ച് വരവുണ്ടാകില്ല. പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഓറിയോൺ മറയും. അവിടെ അടുത്ത ദൗത്യവുമായി പുതിയൊരു പേടകം യാത്ര ആരംഭിച്ചിട്ടുണ്ടാകും.