Banner Ads

താരരാജാക്കന്മാരുടെ അകമ്പടികൾ ഇല്ലാതെ ഇപ്രാവശ്യവും ഓണം റിലീസുകൾ;

മലയാളിക്ക് ഓണം നിറയണമെങ്കില്‍ ആളും ആരവും നിറയുന്ന സൂപ്പര്‍-മെഗാ താര ചിത്രം കൂടി നിര്‍ബന്ധമായിരുന്നു ഒരു കാലം വരെ. ഉത്സവ സീസണുകളില്‍ മമ്മൂട്ടിയുടെയോ മോഹന്‍ ലാലിന്റെയോ ഒരു സിനിമ റിലീസ് ചെയ്യുകയെന്നത് ആ വ്യവസായത്തിന്റെ നിലനില്‍പ്പിനെ സഹായിക്കുന്ന ഘടകം കൂടിയായിരുന്നു. ആ ബ്രാന്‍ഡുകള്‍ക്കുള്ള വിപണി മൂല്യം അത്രയേറെയായിരുന്നു. മമ്മൂട്ടി-മോഹന്‍ലാല്‍ റിലീസുകള്‍ തമ്മിലുള്ള ക്ലാഷുകള്‍ മലയാളിയുടെ ഓണക്കാലത്തെ കൂടുതല്‍ ആഘോഷമാക്കിയിരുന്നുവെന്നു പറഞ്ഞാലും അതിശയോക്തിയാകില്ല. ഓണത്തിനും ക്രിസ്തുമസിനും തിയേറ്റര്‍ പൂരപ്പറമ്പ് ആവണമെങ്കില്‍ ഇവരുടെ ചിത്രങ്ങള്‍ ഉണ്ടാകണമെന്നതു മലയാളികളുടെ ആവശ്യമായിരുന്നു. ഓണം, വിഷു, ക്രിസ്തുമസ്, പെരുന്നാള്‍ കാലങ്ങളില്‍ തിയേറ്ററുകളിലേക്ക് ആളെ കയറ്റിയതിന്റെ റെക്കോര്‍ഡുകള്‍ ബിഗ് ‘എമ്മു’കള്‍ക്കൊപ്പം തന്നെയാണ്.

എന്നാല്‍, കാലം മാറി; പ്രേക്ഷകരുടെ ചോയ്‌സുകളും. തിയേറ്റുകളെ മാത്രം ആശ്രയിച്ചിരുന്ന സിനിമ കാഴ്ച്ചകള്‍ക്ക് പുതിയ വഴികളും തുറന്നതോടെ സിനിമയുടെ ‘ ഉത്സവ ട്രെന്‍ഡു’കളും മാറി. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഒരു മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം പോലും ഓണം റിലീസ് ആയി തിയേറ്ററുകളില്‍ എത്തിയിരുന്നില്ല.

1986 ലാണ് ആദ്യമായി മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഓണക്കാലത്ത് ഒരുമിച്ച് എത്തുന്നത്. ആ സമയമായപ്പോഴേയ്ക്കും രണ്ടു പേരും മലയാളത്തിലെ മുന്‍നിര നായകനിരയിലേക്ക് എത്തിയിരുന്നു. മമ്മൂട്ടിയുടെ അഞ്ചു ചിത്രങ്ങളായിരുന്നു ആ ഓണക്കാലത്ത് ഇറങ്ങിയത്. ആവനാഴി, നന്ദി വീണ്ടും വരിക, പൂവിന് പുതിയ പൂന്തെന്നല്‍, ന്യായവിധി, സായംസന്ധ്യ. മോഹന്‍ലാലിനുണ്ടായിരുന്നത് രണ്ടു ചിത്രങ്ങളായിരുന്നു; ‘സുഖമോ ദേവി’ നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. ഈ സിനിമകള്‍ തിയേറ്റുകളില്‍ വിജയമായവ ഒന്നോ രണ്ടോ മാത്രമായിരുന്നുവെങ്കിലും, മോഹന്‍ ലാലും മമ്മൂട്ടിയും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്നതിന് ആ ഓണക്കാല ചിത്രങ്ങള്‍ കാരണമായിട്ടുണ്ട്. തുടര്‍ന്നുള്ള ഓണം റിലീസുകള്‍ അവരെ നമ്മുടെ കൂടുതല്‍ പ്രിയപ്പെട്ടവരാക്കിക്കൊണ്ടിരുന്നു. രണ്ടുപേര്‍ക്കും ആരാധകരുമേറി വന്നു. അതോടെ ഓണക്കാലം മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളുടെ മത്സരമായി മാറി.

1992 രണ്ടുപേരുടെയും കരിയറിലെ വലിയ റിലീസ് ക്ലാഷുകള്‍ നടന്ന ഓണക്കാലമായിരുന്നു. മമ്മൂട്ടിയുടെ ‘പപ്പയുടെ സ്വന്തം അപ്പൂസും, കിഴക്കന്‍ പത്രോസും’ ഓണത്തിനെത്തിയപ്പോള്‍, എതിര്‍വശത്ത് മോഹന്‍ലാന്‍ എത്തിയത് ‘യോദ്ധ’യും, അദ്വൈത’വുമായിട്ടായിരുന്നു. ഇന്നും മലയാളികള്‍ ആവര്‍ത്തിച്ചു കാണുന്ന സിനിമകള്‍…
1998 ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങള്‍ ആയിരുന്നു മോഹന്‍ലാലിന്റെ ‘കന്മദവും’ മമ്മൂട്ടിയുടെ ‘ഒരു മറവത്തൂര്‍ കനവും’ രണ്ട്
ചിത്രങ്ങളും പ്രേക്ഷര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

സിബി മലയിലിന്റെ സമ്മര്‍ ഇന്‍ ബെത്ലഹേമും ഫാസിലിന്റെ ഹരികൃഷ്ണന്‍സും 1998 ലെ ഓണത്തിന് ഒരുമിച്ചിറങ്ങിയ ചിത്രങ്ങളായിരുന്നു. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടു താരങ്ങളായി മാറിയശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ചിത്രമായിരുന്നു ‘ഹരികൃഷ്ണന്‍സ്’. അതിനൊപ്പം ‘സമ്മര്‍ ഇന്‍ ബെത്ലഹേം’ ഇറങ്ങിയാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന സംശയം സിബി മലയിലിനുണ്ടായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ വരുന്ന വിവരം റിലീസ് ദിവസം വരെ പുറത്തുവിട്ടിട്ടില്ലായിരുന്നു.സിബിയുടെ ആശങ്കകള്‍ വെറുതെയാക്കിക്കൊണ്ടു രണ്ടു ചിത്രവും ഓണത്തിന് നല്ല രീതിയില്‍ വിജയം കൈവരിച്ചു. രണ്ടു പതിറ്റാണ്ടിനിപ്പുറവും നമ്മുടെയെല്ലാം പ്രിയപ്പെട്ട രണ്ടു ചിത്രങ്ങള്‍.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവരുടെ ചിത്രങ്ങള്‍ ഓണത്തിന് തീയേറ്ററില്‍ എത്തിയിട്ടില്ല. എങ്കിലും, ഓരോ ഓണക്കാലത്തും മലയാളത്തിന്റെ താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടെന്നതില്‍ സംശയമില്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *