നെയ്യാറ്റിൻകരയിൽ വീട്ടമ്മയുടെ കഴുത്തിൽ അയൽവാസി കൂർത്ത മരക്കമ്പ് കുത്തിയിറക്കിയതായി മകൾ പൊലീസിന് പരാതി നൽകി.കഴുത്തിൽ കമ്പ് തുളച്ച് കയറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നില അതീവഗുരുതരമായി തുടരുന്നു. നെയ്യാറ്റിൻകര,അതിയന്നൂർ,മരുതംകോട് വാർഡിൽ 45 വയസ്സുള്ള വിജയകുമാരിയുടെ കഴുത്തിലാണ് കമ്പ് കുത്തിയിറക്കിയ നിലയിൽ മകൾ കണ്ടത്.
ഞായറാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയാണ് സംഭവം നടന്നത്. വസ്തുതർക്കത്തിൻ്റെ പേരിലുള്ള വൈരാഗ്യമാണ് ഈ കൃത്യത്തിനു പിന്നിലെന്ന് സംശയിക്കുന്നു. .സമീപത്തെ ഒരു വസ്തു ഉടമയുമായി വിജയകുമാരി മാസങ്ങളായി തർക്കത്തിലായിരുന്നു.ഞായറാഴ്ച തൊട്ടടുത്ത വസ്തുവിന്റെ ഉടമയും സംഘവും വീടുവക്കുന്നതിനായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനെ വിജയകുമാരി എതിർത്ത് സംസാരിച്ചിരുന്നു.തുടർന്ന് വസ്തുഉടമയുമായി വാക്ക് തർക്കവും ഉണ്ടായി.ഉച്ചയോടെ തിരികെയെത്തിയ വസ്തു ഉടമയും മറ്റൊരു ബന്ധുവും ചേർന്ന് വിജയകുമാരിയെ മർദ്ദിക്കുന്നത് മകൾ ശിവകല കണ്ടിരുന്നതായും പൊലീസിന് മൊഴി നൽകി.വീട്ടിനുള്ളിൽ നിന്നും ശിവകല പുറത്ത് വരുമ്പോൾ കമ്പ് കഴുത്തിൽ കുത്തിയിറക്കിയ നിലയിലാണ് വിജയകുമാരിയെ കണ്ടെത്തിയത്.കഴുത്തിൽ തറച്ചിരുന്ന മരക്കമ്പ് പുറത്തെടുത്തത് മകൾ ശിവകല തന്നെയാണ്. ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴുത്തിന്റെ ഒരു വശത്തുനിന്ന് കയറി മറുവശത്ത് വരത്തക്ക രീതിയിലാണ് കമ്പ് തുളച്ച് കയറിയിട്ടുള്ളത്. തർക്കം നടത്തിയ വസ്തു ഉടമയാണ് തൻ്റെ അമ്മയെ ആക്രമിച്ചത് എന്നാണ് മകൾ പൊലീസിന് നൽകിയ മൊഴി .സംഭവവുമായി ബന്ധപ്പെട്ട് രണ്ട്പേരെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു.കൂടുതൽ പരിശോധനയിലൂടെ മാത്രമെ കൃത്യമായ പ്രതികളെ തിരിച്ചറിയുവാൻ സാധിക്കുകയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി.