Banner Ads

ദിസ് വീഡിയോ ഈസ് സ്പോൺസേഡ് ഫ്രം ലോക്കപ്പ്…

അങ്ങ് ദൂരെ ഇൻസ്റ്റ​ഗ്രാം എന്ന രാജ്യത്ത് ഒരു ചേട്ടനുണ്ടായിരുന്നു. സ്വന്തം മീശയുടെ അഴക് കാണിക്കുന്ന പലവിധ വീഡിയോകൾ പോസ്റ്റ് ചെയ്ത് ആരാധികമാരെ സമ്പാദിച്ചു. പിന്നെ അവരുടെ വീഡിയോയ്ക്ക് ലൈക്കും ഷെയറും കൂട്ടാൻ വിദ്യ പറഞ്ഞ് തരാമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു. ഇപ്പോൾ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ഒരു ടിപ്സും കിട്ടാതെ കഷ്ടപ്പെടുന്നു. ഇത്രയും ദിവസം എയറിലായ മീശ ചേട്ടന് അൽപ്പം ആശ്വാസം കിട്ടിയ മട്ടാണ്. പകരം ഇൻസ്റ്റ​ഗ്രാമിലെ റീൽസ് ദമ്പതികൾ താരങ്ങളായി കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ജയിലിലും.

 

കൊല്ലം സ്വദേശി ദേവുവും കണ്ണൂർ സ്വദേശി ​ഗോകുലും ആണ് ആ മാതൃകാ ദമ്പതികൾ. ഫീനിക്സ് കപ്പിൾസ് എന്നാണ് ഇൻസ്റ്റ എന്ന പാരലൽ വേൾഡിൽ ഇവർ അറിയപ്പെടുന്നത്. ഉത്തമ കുടുംബ ജീവിതത്തെപ്പറ്റിയും ഉത്തമ കുടുംബിനി ആയിരിക്കാൻ ഒരു സ്ത്രീ ശീലീക്കേണ്ട കാര്യങ്ങളെപ്പറ്റിയുമൊക്കെയാണ് അവരുടെ വീഡിയോകളേറെയും. നെറുകയിൽ കൊട്ടക്കണക്കിന് സിന്ദൂരവും ആനയുടെ ചങ്ങല പോലെയുള്ള താലിമാലയും അണിഞ്ഞെത്തുന്ന ദേവുവിനെ കണ്ട മാത്രയിൽ തന്നെ ആർഷ ഭാരത സംസ്കാരത്തിൽ അഭിമാനം കൊള്ളുന്നവർ ആരാധകരായെന്നു പറഞ്ഞാൽ മതിയല്ലോ. പക്ഷേ ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തി ന​ഗ്നചിത്രം പകർത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസം ഇരുവരും അറസ്റ്റിലായി. താലി എനിക്ക് ജീവനേക്കാൾ വലുതാണ്, അത് തന്നവനും എന്ന് പോസ്റ്റിട്ട്, ഇവർ നേരെ പോയത് ഹണി ട്രാപ്പിന്. അവിടുന്ന് നേരെ ലോക്കപ്പിലേക്കും. ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനായിരുന്നുവത്രെ ഈ പണം തട്ടൽ. അപ്പോൾ പട്ടു സാരിയും പത്ത് പവന്റെ താലിമാലയും ഒക്കെ ഒപ്പിച്ചിരുന്നത് തേൻ ബിസിനസ് വഴി ആയിരുന്നല്ലേ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സിന്ദൂരപാത്രത്തിൽ തലകുത്തി വീണ പോലെയിരുന്ന യുവതിയുടെ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പുതിയ ഫോട്ടോ കണ്ട ആർഷ ഭാരത പ്രണയിനികൾ ഞെട്ടി. അങ്ങനെ ഫോട്ടോ ഫിൽറ്റർ പണി കൊടുത്തവർ രണ്ടായി എന്ന് മറ്റുള്ളവർ അടക്കം പറഞ്ഞു.

ഒരാൾക്ക് ജാമ്യം കിട്ടുന്ന മുറയ്ക്ക് അടുത്ത ആൾ അറസ്റ്റിൽ ആകുന്നത് ഉറപ്പു വരുത്താൻ ഇൻസ്റ്റയിലെ ഡെയർ ഡെവിളും ക്യാപ്റ്റൻ മാർവലും ഫീനിക്സ് കപ്പിൾസും എല്ലാം അറിഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഇങ്ങനെ പോയാൽ പുതിയതായി ഇറങ്ങുന്ന ഇൻസ്റ്റ​ഗ്രാം വീഡിയോകളുടെ എല്ലാം ബാക്ക് ​ഗ്രൗണ്ട് ലോക്കപ്പ് ആകുമെന്ന കാര്യത്തിൽ സംശയമില്ല. ഇൻസ്റ്റയിലെ ഇൻട്രൊ പ്രകാരം അടുത്ത പന്ത്രണ്ടാം തീയതിയാണ് ഫീനിക്സ് ദമ്പതികളുടെ വിവാഹ വാർഷികം. അപ്പോഴേക്കും ജാമ്യം കിട്ടി ഫീനീക്സ് പക്ഷിയെപ്പോലെ ലോക്കപ്പിൽ നിന്ന് ഉയിർത്തെഴുന്നേറ്റാൽ ആരാധകർക്കൊപ്പം നീട്ടി ഒരു ലൈവ് ഇട്ട് വിവാഹ വാർഷികം ആഘോഷിക്കാം. ഈ അവസ്ഥയിൽ പറയാൻ പാടുണ്ടോ എന്നറിയില്ല. എന്നാലും ഹാപ്പി ആനിവേഴ്സറി ടൂ യൂ ​ഗയ്സ്.

Leave a Reply

Your email address will not be published. Required fields are marked *