ഇടുക്കി: തൊമ്മന്‍കുത്ത് പുഴയില്‍ മലവെള്ളത്തില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പുഴയുടെ നടുവിലെ പാറയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ സാഹസികമായ രക്ഷപ്പെടുത്തി.ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. അവധിദിവസമായതിനാല്‍ നിരവധി സഞ്ചാരികള്‍ തൊടുപുഴയ്ക്കടുത്തുള്ള തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം കാണാനെത്തിയിരുന്നു.
അധികം വെള്ളമില്ലാഞ്ഞതിനാല്‍ സഞ്ചാരികള്‍ പുഴയിലിറങ്ങുകയായിരുന്നു.തൊമ്മന്‍കുത്ത് വിനോദസഞ്ചാരകേന്ദ്രത്തിലെ ഏഴുനിലക്കുത്തിനടുത്തുള്ള പാറയിലിരുന്ന എറണാകുളത്തുകാരായ യുവതിയും യുവാവുമാണ് പുഴയില്‍ വെള്ളമുയർന്നതിനെത്തുടർന്ന് പാറയില്‍ കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ഗൈഡുകളും വനസംരക്ഷണസമിതി പ്രവര്‍ത്തകരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
എന്നാല്‍ വൈകീട്ടോടെ തൊമ്മന്‍കുത്തിനുമുകളില്‍ മക്കുവള്ളിയില്‍ ശക്തമായ മഴ പെയ്തു. തൊമ്മന്‍കുത്തിലും മഴ പെയ്തു. ഇതോടെ പുഴയില്‍ വെള്ളമുയരാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ വിനോദസഞ്ചാരികളോട് പറഞ്ഞു. എന്നാല്‍, പലരും മാറുംമുന്‍പുതന്നെ മലവെള്ളം പുഴയിലൂടെ കുതിച്ചെത്തുകയായിരുന്നു.എന്നാൽ അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനുവേണ്ട സംവിധാനങ്ങളൊന്നും തൊമ്മന്‍കുത്തില്‍ ഇല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.