Banner Ads

വ്യാജ ബോംബ് ഭീഷണികള്‍ക്കു പിന്നിലെ സൂത്രധാരനെ പൊലീസ് തിരിച്ചറിഞ്ഞു

നാഗ്പൂർ: മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്നുള്ള 35 കാരനായ ജഗദീഷ് ഉയിക്യെ എന്നയാളാണ് സന്ദേശങ്ങള്‍ക്കു പിന്നിലെന്ന് നാഗ്പൂർ പൊലീസ് അറിയിച്ചു.രാജ്യത്തെ വിമാന കമ്ബനികള്‍ക്കും സുരക്ഷാ ഏജൻസികള്‍ക്കും തലവേദന സൃഷ്ടിച്ച ആളായിരുന്നു ഇദ്ദേഹം. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്വേത ഖേദ്കറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇമെയിലുകളുമായി ബന്ധിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.

പ്രധാനമന്ത്രിയുടെ ഓഫീസ്, റെയില്‍വേ മന്ത്രിയുടെ ഓഫീസ്, മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ്, ഡെപ്യൂട്ടി എയർലൈൻ ഓഫീസുകള്‍, ഡയറക്ടർ ജനറല്‍ ഓഫ് പൊലീസ്, റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങള്‍ക്കാണ് ഉയിക്യെ ഭീഷണി സന്ദേശം അയച്ചത്.കൂടാതെ ഭീകരവാദവുമായി ബന്ധപ്പെട്ട പുസ്തകം എഴുതിയ കേസില്‍ 2021ല്‍ പൊലീസ് ജഗദീഷ് ഉയിക്യെയെ കസ്റ്റഡിയിലെടുത്തിരുന്നതായി, നാഗ്പൂർ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് തിരിച്ചറിഞ്ഞുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു.

ഈ മെയിലുകളുടെ ഉറവിടം കണ്ടെത്തിയെന്ന് മനസിലാക്കിയ പ്രതി ഒളിവിൽ പോയി എന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടിയും ഇയാള്‍ അനുമതി തേടിയിരുന്നു.പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ഇയാള്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.ഒക്ടോബർ 22ല്‍ മാത്രം ഇൻഡിഗോയുടെയും എയർ ഇന്ത്യയുടെയും 13 വീതം വിമാനങ്ങള്‍ ഉള്‍പ്പെടെ 50 ഓളം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.


     
                
                

Leave a Reply

Your email address will not be published. Required fields are marked *