Banner Ads

മകളെ അസഭ്യം പറഞ്ഞതിലുള്ള വൈരാഗ്യം; പാറശാലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നത് സ്വന്തം സഹോദരൻ

തിരുവനന്തപുരം : പാറശാലയിൽ ഗൃഹനാഥനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. കൊടിവിളാകം സ്വദേശിയും നിർമ്മാണത്തൊഴിലാളിയുമായ സദാശിവനെ കൊലപ്പെടുത്തിയത് സഹോദരനായ രവീന്ദ്രനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. മകളെ അസഭ്യം പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി സമ്മതിച്ചു.

വ്യാഴാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തുടർന്ന് പിണങ്ങി ഇറങ്ങിപ്പോയ രവീന്ദ്രൻ വെട്ടുകത്തിയുമായി മടങ്ങിയെത്തി സദാശിവനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം സഹോദരനെ വിശ്വാസമില്ലായിരുന്നുവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. സംഭവദിവസം സദാശിവന്റെ ഭാര്യ മിനി സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.

പുലർച്ചെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്ത് തലയിലും കഴുത്തിലും ആഴത്തിൽ വെട്ടേറ്റ നിലയിൽ സദാശിവന്റെ മൃതദേഹം കണ്ടത്. തുടർന്ന് പാറശാല പൊലീസും നെയ്യാറ്റിൻകര ഡിവൈഎസ്പിയും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.