
ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ആൺസുഹൃത്തിന്റെ സംശയമാണെന്ന് പൊലീസ്. വെള്ളിയാഴ്ച രാവിലെ ബെംഗളൂരു കോട്ടൺപേട്ട് ഒടിസി റോഡിലെ റീജൻസി ഇൻ ലോഡ്ജിലായിരുന്നു കൊലപാതകം.
കൊല്ലപ്പെട്ട ഗംഗ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണോ എന്ന സംശയമാണ് ഗോകുൽ കൃഷ്ണയ്ക്ക് ഉണ്ടായിരുന്നത്. വിളിക്കുമ്പോൾ പലപ്പോഴും ഫോൺ എൻഗേജ്ഡ് ആകുന്നത് സംശയം വർധിപ്പിച്ചു. വ്യാഴാഴ്ച ഇരുവരും ഒരുമിച്ചുള്ളപ്പോഴും ഗംഗയുടെ ഫോണിലേക്ക് കോൾ വന്നതിനെച്ചൊല്ലി രാത്രി തർക്കമുണ്ടായി.
പിറ്റേന്ന് രാവിലെയും വഴക്ക് തുടർന്നതോടെ ഗോകുൽ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഗംഗയുടെ അടിവയറ്റിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. അമിതമായി രക്തം വാർന്ന് ഗുരുതരമായി പരിക്കേറ്റ ഗംഗയെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണത്തിന് ശേഷം പ്രതി ലോഡ്ജ് ജീവനക്കാരെ വിവരം അറിയിക്കുകയും ജീവനക്കാർ പൊലീസിനെ വിവരമറിയിച്ച് ആശുപത്രിയിലേക്ക് മാറ്റാൻ സഹായിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ കോട്ടൺപേട്ട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
നെലമംഗലയിലെ ഹർഷ നഴ്സിംഗ് കോളേജിൽ പഠിക്കുന്ന കാലത്താണ് ഗോകുലും ജൂനിയറായ ഗംഗയും അടുപ്പത്തിലായത്. നാല് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ഗംഗയ്ക്ക് ജോലി തേടിയാണ് ഇരുവരും വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെത്തിയത്.
ബിഎസ്സി നഴ്സിംഗ് ബിരുദധാരിയായ ഗോകുൽ നഴ്സിംഗ് പ്രവേശനത്തിനും ജോലിക്കുമായി സഹായിക്കുന്ന കൺസൾട്ടന്റായി പ്രവർത്തിച്ചുവരികയായിരുന്നു. ലോഡ്ജിന് സമീപത്തെ റോഡരികിൽ വെച്ചും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായി സമീപവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഗോകുൽ ലോഡ്ജിലേക്ക് വരുമ്പോൾ തന്നെ കത്തി കരുതിയിരുന്നോ എന്നും എവിടെ നിന്നാണ് ഇത് വാങ്ങിയതെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. കോട്ടൺപേട്ട് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.