
ഇടുക്കി : ചിന്നക്കനാലിലെ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ദൗത്യം മൂന്നാം ദിവസവും പ്രതിസന്ധിയിൽ തുടരുന്നു. നിലവിൽ നടുത്തുരുത്തി ജലാശയത്തിന് സമീപമാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആന ജലാശയത്തിലേക്ക് കൂടുതൽ അടുക്കുന്നത് തടയാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ് സംഘം.
മയക്കുവെടി വെക്കാൻ അനുയോജ്യമായ സ്ഥലത്തല്ല ആന ഇപ്പോൾ നിൽക്കുന്നതെന്ന് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഡി കെ വിനോദ് കുമാർ വ്യക്തമാക്കി. നടുത്തുരുത്തി ഭാഗത്ത് അനങ്ങാതെ നിൽക്കുന്ന ആന പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് നീങ്ങിയാൽ മയക്കുവെടി വെക്കൽ പ്രായോഗികമാകില്ലെന്നും വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം വിശദമാക്കി. ആന പന്നിയാർ ഭാഗത്തേക്ക് പോകാതിരിക്കാൻ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
നടുത്തുരുത്തിയിൽ നിന്ന് ആന 301 കോളനി ഭാഗത്തേക്ക് എത്തിയെങ്കിൽ മാത്രമേ ദൗത്യം സുരക്ഷിതമായി നടപ്പിലാക്കാൻ സാധിക്കൂ. പടക്കം പൊട്ടിച്ച് ആനയെ വിരട്ടി നീക്കില്ലെന്നും കൊമ്പൻ സ്വമേധയാ അനുയോജ്യമായ സ്ഥലത്തേക്ക് നീങ്ങുന്നതിനായി ദൗത്യസംഘം കാത്തിരിക്കുകയാണെന്നും സിസിഎഫ് അറിയിച്ചു.