Banner Ads

ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ പ്രകോപനപരമായ പ്രസംഗവുമായി ടി ഐ മധുസൂദനൻ; ജഡ്ജിക്കും വിമർശകർക്കുമെതിരെ രൂക്ഷ പരാമർശങ്ങൾ

കണ്ണൂർ : ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ പ്രകോപനപരമായ പ്രസംഗവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി ഐ മധുസൂദനൻ. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്ന കേസിൽ പ്രതികളെ കോടതി വെറുതെ വിട്ട സംഭവം ഓർമ്മിപ്പിച്ചായിരുന്നു മധുസൂദനന്റെ പ്രസംഗം.

കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇന്ന് ജീവനോടെയില്ലെന്ന് മധുസൂദനൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിയെയും മധുസൂദനൻ വിമർശിച്ചു. ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാത്തത് ഭാഗ്യമെന്നും തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ടിസിവി നന്ദകുമാറിനെ ശിക്ഷിച്ചതും ഇതേ ജഡ്ജിയാണെന്ന് ചൂണ്ടിക്കാട്ടിയ മധുസൂദനൻ ശിക്ഷ നൽകി ഇടതുപക്ഷ പോരാട്ടവീര്യത്തെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ആരോപിച്ചു. ജുഡീഷ്യറി ഭരണകൂട താൽപ്പര്യമാണ് നിർവഹിക്കുന്നതെന്നും ഇത് അവസാനത്തെ കോടതിയല്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസിന് നേരെ ബോംബെറിഞ്ഞ സംഭവത്തെയും മധുസൂദനൻ ന്യായീകരിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ബോംബേറിൽ പൊലീസ് വാഹനത്തിന് പോറൽ പോലും പറ്റിയില്ലെന്നും ജീപ്പിന്റെ പെയിന്റ് മാത്രമാണ് പോയതെന്നും പറഞ്ഞ അദ്ദേഹം ഇതിന്റെ പേരിലാണ് നിഷാദിനെയും ടിസിവി നന്ദകുമാറിനെയും ജയിലിലടച്ചതെന്നും കുറ്റപ്പെടുത്തി.

വി കുഞ്ഞികൃഷ്ണൻ എംഎൽഎയെ രാഷ്ട്രീയ നപുംസകം എന്ന് വിശേഷിപ്പിച്ച മധുസൂദനൻ ഇടതുപക്ഷത്തെ വിറ്റ് എംഎൽഎ ആകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെന്നും ആരോപിച്ചു. ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് തുക നൽകാത്തയാളാണ് ഇന്ന് വലിയ ആളായി നിൽക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.