
കൊല്ലം : വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദേശത്തുള്ള ഭർതൃപിതാവ് മോഹനന് ഇടക്കാല ജാമ്യം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലെ മൂന്നാം പ്രതിയായ മോഹനന് ജാമ്യം അനുവദിച്ചത്.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു. പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ച കോടതി നടപടിക്കെതിരെ വിപഞ്ചികയുടെ അമ്മ ഷൈലജ രംഗത്തെത്തി. കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് നിതീഷും സഹോദരി നീതുവും വിദേശത്ത് തുടരുകയാണ്. 2025 ജൂലൈ ഒൻപതിനാണ് വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃവീട്ടിലെ പീഡനമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആത്മഹത്യാപ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം വകുപ്പുകൾ പ്രകാരം ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തിരുന്നത്.